കെകെആറിന് ഒമ്പത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം
അബുദാബി: ഐപിഎല്‍ രണ്ടാം ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടക്കം. ഒമ്പത് വിക്കറ്റിനാണ് കെകെആര്‍ ആര്‍സിബിയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് 19 ഓവറില്‍ 92 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
ആര്‍സിബിയുടെ ബൗളര്‍മാരെ കെകെആറിന്റെ ഓപ്പണര്‍മാര്‍ നിഷ്പ്രയാസം കൈകാര്യം ചെയ്തു. സിറാജും ജാമിസണുമായിരുന്നു ആര്‍സിബിക്കു വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. സിറാജ് രണ്ടോവറില്‍ 12 റണ്‍സ് വഴങ്ങിയപ്പോള്‍ ജാമസിണ്‍ വഴങ്ങിയത് 26 റണ്‍സാണ്. 34 പന്തില്‍ 48 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് കെകെആറിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ വെങ്കിടേഷ് അയ്യരുമായി ചേര്‍ന്ന് ഗില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
യുസ്‌വേന്ദ്ര ചഹല്‍ ആണ് ഗില്ലിനെ മടക്കിയത്. തന്നെ ഉയര്‍ത്തി അടിക്കാന്‍ നോക്കിയ ഗില്ലിനെ സിറാജിന്റെ കൈകളില്‍ എത്തിച്ചാണ് ചഹല്‍ ആര്‍സിബിക്ക് വേണ്ടി വിക്കറ്റ് എടുത്തത്. മൂന്നാം നമ്പറില്‍ ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലാണ് ബാറ്റിംഗിന് എത്തിയത്. കേവലം 11 റണ്‍സ് മാത്രം മതിയായിരുന്നു പത്താം ഓവറില്‍ റസല്‍ ബാറ്റിംഗിനെത്തുമ്പോള്‍. ആ ഓവറില്‍ ചഹലിനെ മൂന്ന് ഫോറുകളിടിച്ച് വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്തയുടെ വിജയം ഉറപ്പാക്കി.
തോറ്റെങ്കിലും ആര്‍സിബിക്ക് മൂന്നാം സ്ഥാനം നഷ്ടമായിട്ടില്ല. ആറു പോയിന്റുമായി കെകെആര്‍ അഞ്ചാം സ്ഥാനത്തേക്കു കയറി. നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ കോഹ്‌ലിയുടെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്ന വിധത്തിലായിരുന്നു ആര്‍സിബിയുടെ ബാറ്റിംഗ്. ഓപ്പണറുടെ റോളില്‍ എത്തിയ വിരാട് കോഹ്‌ലി അഞ്ച് റണ്‍സെടുത്ത് പുറത്തായി. പ്രസിദ്ധ് കൃഷ്ണ കോഹ്‌ലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
22 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ ശ്രീകര്‍ ഭരതുമൊന്നിച്ച് ഒരു പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താന്‍ ശ്രമിക്കവെ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് ലോക്കി ഫെര്‍ഗൂസന്‍ ദേവ്ദത്തിനെ കൂടാരം കയറ്റി. ഭരതിനെയും ഡിവില്ലിയേഴ്‌സിനെയും അടുത്തടുത്ത് പുറത്താക്കിയ റസല്‍ ആര്‍സിബിയുടെ സ്‌കോറിംഗിന് തടയിട്ടു. മാക്‌സ്‌വെല്ലിനും കാര്യമായി ഒന്നും ചെയ്യാനായില്ല.
ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയ കേരളത്തിന്റെ സച്ചിന്‍ ബേബിക്കും അവസരം മുതലാക്കാനായില്ല. 17 ബോളില്‍ കേവലം ഏഴു റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്. കൊല്‍ക്കത്തക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗുസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.