കൊച്ചി മെട്രോ രണ്ടാം ഘട്ടം; പിങ്ക് ലൈൻ, നിർമ്മാണം അതിവേഗത്തിൽ
ഐടി നഗരമായ കൊച്ചിയുടെ ഗതാഗതക്കുപ്പിന് വേഗം നൽകാൻ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൻ്റെ നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. പിങ്ക് ലൈൻ എന്നറിയപ്പെടുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ടം ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാടുവഴി ഇൻഫോപാർക്കുവരെ നീളുന്നതാണ്. 11.2 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം പൂർത്തിയാകുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാകുന്നത്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിലേക്കുള്ള ഗതാഗതം സുഗമമാകും എന്നതാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൻ്റെ പ്രത്യേകത. 2022 സെപ്റ്റംബറിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ടത്. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ 10 സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 1,957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള അഞ്ച് സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ആദ്യഭാഗം 2026 ജൂൺ 30നകം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. ഐടി കേന്ദ്രമായ ഇൻഫോപാർക്കുവരെ നീളുന്ന അടുത്തഘട്ടം 2026 ഡിസംബറോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. 307 പൈലുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിംഗ് യാര്‍ഡില്‍ പിയര്‍കാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടക ഭാഗങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. നാല് പിയര്‍കാപുകളുടെയും 4 യു ഗർഡറു കളുടെയും കാസ്റ്റിംഗ് പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തിലെ നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായി പിയറിനു മുകളിലുള്ള മെട്രോ സ്റ്റേഷന്‍ ഘടകഭാഗങ്ങളെല്ലാം കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിക്കുകയാണ്. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
രണ്ട് വിഭാഗമായി തിരിച്ചാണ് കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മാണം നടക്കുന്നത്. യു ഗർഡറുകളുടെ നിര്‍മാണമാണ് ഒരു വിഭാഗത്തില്‍ നടക്കുന്നത്. 100 ടണ്ണിന്റെ നാല് ഗാന്‍ട്രി ക്രെയിനുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തിലാണ് ഐ ഗർഡറുകള്‍, പിയര്‍ കാപ്പുകള്‍, പാരപ്പെറ്റുകള്‍, റ്റി ഗർഡറുകള്‍, എല്‍ ഗർഡറുകള്‍ എന്നിവയുടെ നിര്‍മാണം. ഇവിടെ ആറ് ഗാന്‍ട്രി ക്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നു. 10 ടണ്ണ് ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള രണ്ടും 60 ടണ്ണിന്റെ രണ്ടും 100 ടണ്ണിന്റെ ഒന്നും 120 ടണ്ണിന്റെ ഒന്നും ഗാന്‍ട്രി ക്രയിനുകളുണ്ട്. രണ്ടാം ഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട ക്വാളിറ്റി ലാബും കോണ്‍ക്രീറ്റ് ബാച്ചിംഗ് ലാബും ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് മാലിന്യം മൂലമുള്ള പരിസ്ഥതി ദോഷം കുറയ്ക്കാന്‍ കോണ്‍ക്രീറ്റ് മാലിന്യ പുനരുപയോഗ പ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വൈഡക്ട് നിര്‍മാണത്തിനായി 500 യു ഗർഡറുകളും 580 ഐ ഗർഡറുകളും 354 പിയര്‍ കാപുകളുമാണ് നിര്‍മിക്കുന്നത്. സ്റ്റേഷന്‍ നിര്‍മാണത്തിനായി 100 യു ഗർഡറുകളും 120 പിയര്‍ ആമുകളും 400 റ്റി ഗർഡറുകളും 200 എല്‍ ഗർഡറുകളും നിര്‍മിക്കുന്നു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ SEZ, ചെട്ടിക്കുളങ്ങര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ വരുന്നത്. ആദ്യ അഞ്ച് സ്റ്റേഷനുകൾ അടുത്ത വർഷം ജൂൺ മുപ്പതിനകം പൂർത്തിയാകുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 2026 ഡിസംബറിൽ അഞ്ച് സ്റ്റേഷനുകളും പൂർത്തിയാകും.
Tag: Kochi Metro Phase 2; Pink Line, construction in full swing