കൊടകര കുഴൽപണക്കേസ്: ഒളിവിലുള്ള സിപിഎം അനുഭാവിയെ കണ്ടെത്താൻ കർണാടക പൊലീസിന്റെ സഹായം തേടി
തൃശൂർ : കൊടകര കുഴൽപണ കേസിൽ ഇനി കസ്റ്റഡിയിലെടുക്കാനുള്ള ഏകപ്രതിയായ സിപിഎം അനുഭാവി കണ്ണൂർ സ്വദേശി ഷിഗിലിനു വേണ്ടി പ്രത്യേക അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടി. കവർച്ച ചെയ്യപ്പെട്ട കുഴൽപണത്തിൽ നിന്ന് 10 ലക്ഷം രൂപ ലഭിച്ചത് സിപിഎം അനുഭാവിയായ ഷിഗിലിനാണെന്നാണു പൊലീസ് കണ്ടെത്തൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു കർണാടക പൊലീസിന്റെ സഹായം തേടിയത്.
ആശ്രമങ്ങൾ കേന്ദ്രീകരിച്ചു താമസിക്കുകയും ബാക്കിയുള്ള സമയത്ത് കാറിൽ കറങ്ങുകയാണു ഷിഗിൽ എന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം 3 യുവാക്കളും കാറിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. പോലീസിന്റെ കണക്കു പ്രകാരം മൊത്തം 2 കോടിയിലേറെ രൂപ കണ്ടെടുക്കാനുണ്ട്. എന്നാൽ ഇതുവരെ കണ്ടെത്തിയിരിക്കുന്നത് ഒരു കോടിയിൽ പരം രൂപ മാത്രമാണ്. ഇതോടെ ധർമരാജൻ പറഞ്ഞ കഥ തന്നെയാണ് ശരിയെന്ന നിഗമനത്തിലാണ് ആദ്യം കേസന്വേഷിച്ച പോലീസ് വൃത്തങ്ങളും.
കുഴൽപ്പണം എന്നത് കെട്ടുകഥയാണെന്ന് ബിജെപിയും പറഞ്ഞു കഴിഞ്ഞു. കാറിൽ നടന്ന കവർച്ചയ്ക്ക് മുൻപേ മറ്റൊരു വാഹനത്തിൽ നിന്ന് 95 ലക്ഷം രൂപ കവർന്ന കേസിലെയും പ്രതികൾ ഇവർ തന്നെയാണ്. ആ പണം കൂടി ചേർത്താണ് ഇത്രയും രൂപ വന്നതെന്നാണ് ബിജെപിയുടെ ആരോപണം.