പ്രിൻസിപ്പൽ ക്വാറന്റൈൻ ലംഘിച്ച് സ്കൂളിൽ എത്തി,സ്കൂൾ അടപ്പിച്ചു.

മഞ്ചേരി / പ്രിൻസിപ്പൽ ക്വാറന്റൈൻ ലംഘിച്ച് സ്കൂളിൽ എത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സ്കൂൾ അടപ്പിച്ചു. മലപ്പുറം മൂർക്കനാട് സുബുലുസലാം ഹയർ സെക്കൻഡറി സ്കൂളാണ് അടപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് പ്രിൻസിപ്പൽ ചട്ടം ലംഘിച്ച് സ്കൂളിൽ എത്തുന്നത്. ആരോഗ്യ വകുപ്പിന്റെ പരാതിയെ തുടർന്നു അധ്യാപകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രിൻസിപ്പലുമായി സമ്പർക്കമുള്ള അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈനിൽ പോയി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ സ്കൂൾ തുറക്കാൻ അനുവദിക്കുകയുള്ളുവെന്നു ആരോഗ്യ വകുപ്പ് അറിയിക്കുക യായിരുന്നു. പ്രിൻസിപ്പലിനും ഭാര്യയ്ക്കും കുടുംബത്തിലെ മറ്റു മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് ഇവരുടെ കുടുംബത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് ഇവരോട് ക്വാറന്റൈനിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നത്. ഇത് മറികടന്നാണ് പ്രിൻസിപ്പലും ഭാര്യയും മരണവീട്ടിലും സ്കൂളിലുമെത്തുന്നത്. സ്കൂൾ തുറക്കുന്നതിനു മുമ്പായുള്ള ക്രമീകരണങ്ങൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ സ്കൂളിലെത്തി. ഈ സമയം പ്രിൻസിപ്പൽ സ്കൂൾ ഓഫീസിൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സ്കൂൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകുന്നത്. നിരവധി അധ്യാപകരും രക്ഷിതാക്കളും പ്രിൻസിപ്പലുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയിരിക്കുകയാണ്.