പോലീസ് ചമഞ്ഞു പണം തട്ടിയ രണ്ട് പേര്‍ അത്തോളിയില്‍ പിടിയിലായി.

കോഴിക്കോട് ജില്ലയിലെ അത്തോളി ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ ജോലിക്ക് എത്തിയ അതിഥി തൊഴിലാളിയില്‍ നിന്ന് പോലീസ് എന്ന വ്യാജേന പണം തട്ടിയ രണ്ട് പേര്‍ അത്തോളിയില്‍ പിടിയിലായി. അത്തോളി പുനത്തില്‍ത്താഴം വീട്ടിൽ ജാബിര്‍, ഉള്ള്യേരി നാറാത്ത്് തൊണ്ടിപുറത്ത് വീട്ടിൽ ഫൈസല്‍ കെ കെ വി എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിന് നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി അഖിലേഷ് യാദവില്‍ നിന്ന് 11000 രൂപയാണ് ഇവർ തട്ടിയെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് അത്തോളിയിലെത്തിയ എസ് ഐ സിജിത്തും സംഘവും ഞായറാഴ്ച പന്ത്രണ്ടരയോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്റീരിയര്‍ ജോലിക്ക് വന്ന ഉത്തര്‍പ്രദേശുകാരന്‍ അഖിലേഷ് യാദവിന്റെ പരാതിയിലാണ് പോലീസ് നടപടി. ഈ മാസം ആറാം തീയതി രാത്രി 8.25 ന് ഭക്ഷണം വാങ്ങി പാവമണി റോഡിലെ പോലീസ് ക്ലബ്ബിന് എതിര്‍വശം എത്തിയ അതിഥി തൊഴിലാളിയായ അഖിലേഷിനെ ആക്ടിവ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ തടയുകയായിരുന്നു. പോലീസാണെന്നും ഐഡന്റിറ്റി കാര്‍ഡ് കാണിക്കാനാവശ്യപ്പെടുകയും ചെയ്തു.
കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് കീശയില്‍ നിന്ന് പഴ്‌സെടുത്ത് പരിശോധിച്ചു. അതിലുണ്ടായിരുന്ന 11000 രൂപയെടുത്ത ശേഷം അഖിലേഷിനെ തള്ളി മാറ്റി ഇവര്‍ കടന്നു കളയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരു വെള്ള ആക്ടിവ സ്‌കൂട്ടറില്‍ വന്ന രണ്ട് പേരാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസിന് വ്യക്തമായി. സി സി ടിവിയില്‍ ദൃശ്യമായ വെള്ള ആക്ടീവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അത്തോളിയില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ കുറിച്ച് രഹസ്യവിവരം ലഭിക്കുകയായിരുന്നു. പോലീസിന്റെ തന്ത്രപൂര്‍വമുള്ള നീക്കം തുടർന്ന് ഫലം കണ്ടു. ബീവറേജ് ഔട്ട്‌ലെറ്റ് കുത്തി തുറന്ന് പതിനെട്ട് ലക്ഷം രൂപ മോഷ്ടിച്ച കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ജാബിര്‍. എലത്തൂര്‍ കോഴിക്കടയില്‍ നിന്നും പണം തട്ടിയ കേസിലെ കൂട്ടുപ്രതിയാണ് ഫൈസല്‍. ജില്ലാ പോലീസ് ആസ്ഥാനത്തിന് സമീപം നടന്ന കുറ്റകൃത്യം അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് ദാസ് എസിന്റെ നിര്‍ദേശത്തില്‍ എ ജെ ബാബു എ സി പിയുടെ മേല്‍നോട്ടത്തില്‍ കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് എന്‍, കസബ എസ് ഐ സിജിത്ത് വി, എ എസ് ഐ മാരായ സന്തോഷ് കുമാര്‍, മനോജ്, സീനിയര്‍ സി പി ഒ രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.