“കോടിയേരിയെപ്പോലെ സ്വന്തം കുടുംബത്താൽ ഇങ്ങനെ വഞ്ചിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല”; പരിഹാസവുമായി ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം: യുണിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളില്ലെന്ന് ഉപയോഗിച്ചത് സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന കണ്ടെത്തലിനു പിന്നാലെ പരിഹാസവുമായി കോൺഗ്രസ് നേതാക്കൾ. ഷാഫി പറമ്പിലും ടി സിദ്ധിഖും പരിഹാസവുമായി രംഗത്തെത്തിയതിനു പിന്നാലെ ജ്യോതികുമാർ ചാമക്കാലയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു.
ജ്യോതികുമാർ ചാമക്കാലയുടെ കുറിപ്പ്:
‘രമേശ് ചെന്നിത്തല കൊണ്ടുപോയെന്ന് കോടിയേരി ബാലകൃഷ്ണൻ പാടി നടന്ന സന്തോഷ് ഈപ്പൻ്റെ കൈക്കൂലി ഐ ഫോൺ കോടിയേരിയുടെ തലയിണക്കടിയിൽ നിന്ന് കസ്റ്റംസ് പൊക്കിയിരിക്കുന്നു. വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. കോടിയേരിയെപ്പോലെ സ്വന്തം കുടുംബത്താൽ ഇങ്ങനെ വഞ്ചിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല..’
സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സ്വർണക്കടത്ത് കേസ് വാർത്തയായതിന് പിന്നാലെ ഈ ഫോൺ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന. നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ഡോളർ കടത്തിലും സ്വർണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പൻ ഐഫോണുകൾ വാങ്ങി നൽകിയത് എന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
മേൽപ്പറഞ്ഞ വിവാദ സംഭവങ്ങൾ നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിൻ്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സർക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും.