Kerala NewsLatest NewsPolitics

കേന്ദ്ര ഏജന്‍സികള്‍ രാകി പറക്കുകയാണ്,‌ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നികുതി അടക്കേണ്ട; കോടിയേരി ബാലകൃഷ്ണന്‍

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നികുതി അടക്കേണ്ടെന്നും പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ ബി.ജെ.പി പിടിച്ചത് ഇങ്ങനെയാണെന്നും കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകി പറക്കുകയാണ്. കേരളത്തില്‍ കാല് മാറ്റം വഴി അധികാരം പിടിക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.

ധനമൂലധന ശക്തികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് തടയാന്‍ എല്ലാ ശ്രമവും നടത്തും. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ പണം ഒഴുകും. വന്‍തോതില്‍ വിവിധ രീതിയിലുള്ള ഇടപെടലുകളുണ്ടാകും. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളെല്ലാം ഓരോന്നോരോന്നായി ബിജെപി കൈയ്യടിക്കിയത് കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ചാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്നാണ് ബിജെപി പ്രസിഡന്‍റ് പറയുന്നത്. ബിജെപി പരസ്യമായി പറയുകയാണ് 35 സീറ്റ് കിട്ടിയാല്‍ ബാക്കി ആളുകളെ കോണ്‍ഗ്രസിന്ന് പിടിച്ചോളാം എന്ന്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റും കൊടുക്കരുതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകള്‍:

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ച്‌ കോര്‍പ്പറേറ്റുകളുടെ കീശ വീര്‍പ്പിക്കുകയാണ് ചെയ്യുന്നത്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ദിവസേന വിലവര്‍ധിക്കുന്ന രാജ്യം ലോകത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ അത് ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയിലാണ്. കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്നും ഇല്ലാതാക്കി കാര്‍ഷിക മേഖല മൂലധനശക്തികളെ ഏല്‍പ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വില്‍ക്കാന്‍ തീരുമാനിച്ചു. ഇടതുപക്ഷം കേരളം ഭരിക്കുന്നത് കൊണ്ടാണ് ആ കൈമാറ്റം നടക്കാത്തത്. നേരത്തെ യു.ഡി.എഫ് ഭരിക്കുന്ന സമയത്താണ് വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് നല്‍കിയത്. വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് കൊടുത്തപ്പോള്‍ ഇടതുപക്ഷം അതിനെ എതിര്‍ത്തു. എല്‍ഡിഎഫ് പോയി യു.ഡി.എഫ് ഭരണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് കിട്ടിയത്.

ധനമൂലധന ശക്തികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് തടയാന്‍ എല്ലാ ശ്രമവും നടത്തും. കേരളത്തിലെ ഈ തെരഞ്ഞെടുപ്പില്‍ പണം ഒഴുകും. വന്‍തോതില്‍ വിവിധ രീതിയിലുള്ള ഇടപെടലുകളുണ്ടാകും. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളെല്ലാം ഓരോന്നോരൊന്നായി ബിജെപി കൈയ്യടിക്കിയത് കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ചാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചു. കോണ്‍ഗ്രസുകാരെ കൂട്ടത്തോടെ ചാക്കിലാക്കി ബി.ജെ.പിയാക്കി. കോണ്‍ഗ്രസുകാര്‍ക്ക് ഒരു മടിയുമില്ല ഇങ്ങനെ മാറുന്നതിന് വേണ്ടി. മധ്യപ്രദേശില്‍ കോണ്‍ഗ്രസായിരുന്നു ജയിച്ചത്. ഇപ്പോള്‍‌ അവിടെ ബി.ജെ.പിയാണ്. കര്‍ണാടക, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം ജയിച്ചത് കോണ്‍ഗ്രസായിരുന്നു. പക്ഷേ ജയിച്ച കോണ്‍ഗ്രസുകാര്‍ ബി.ജെ.പിക്കാരായി.

കോണ്‍ഗ്രസ് സര്‍ക്കാരുകളെ എങ്ങനെയാണ് ബി.ജെ.പി അട്ടിമറിച്ചതെന്ന് നാം ഓര്‍ക്കണം. ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് ഇങ്ങനെയുള്ള എല്ലാ കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച്‌ ഭയപ്പെടുത്തി കീഴ്‍പ്പെടുത്തി. അത് പോലെ ഇവിടെ ഇടതുപക്ഷത്തെയും തകര്‍ക്കാന്‍ സാധിക്കുമോയെന്ന് പരീക്ഷിക്കാനാണ് കേന്ദ്ര ഏജന്‍സികളെ നാടിന് ചുറ്റും രാകി പറന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ മധ്യപ്രദേശ് അല്ല കേരളം. കര്‍ണാടക അല്ല കേരളം. ഇവിടെ അങ്ങനെയൊന്നും ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‍പ്പെടുത്താന്‍ കഴിയില്ല.

കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചത് ഭയപ്പെടുത്തി കീഴ്‍പ്പെടുത്തിയാണ്. ഏറ്റവുമൊടുവില്‍ പുതുച്ചേരിയില്‍ നാരായണസ്വാമി മുഖ്യമന്ത്രി വികാരാധീനനായി പറഞ്ഞില്ലേ തന്‍റെ ഗവണ്‍മെന്‍റിനെ എങ്ങനെയാണ് ബിജെപി അട്ടിമറിച്ചതെന്ന്. ഒരു എം.എല്‍.എക്ക് ഇന്‍കം ടാക്സ് നോട്ടീസ് കൊടുത്തിട്ട് പറഞ്ഞു 22 കോടി രൂപ ടാക്സ് അടക്കണം. അയാള്‍ പിറ്റേന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയായി. പിന്നെ ടാക്സ് പിടിക്കേണ്ടി വന്നില്ല. ഇങ്ങനെയാണ് തന്‍റെ സര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞത് രാജ്യം കേട്ടില്ലേ. എന്നാല്‍ ആ കളി കേരളത്തില്‍ നടക്കാത്തത് എന്തുകൊണ്ടാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമായത് കൊണ്ടാണ്.

അപ്പോഴാണ് ബി.ജെ.പിയുടെ പ്രസിഡന്‍റ് പറയുന്നത് കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്ന്. അതിന്‍റെ ഗുട്ടന്‍സ് എന്താ? 71 സീറ്റ് വേണ്ടേ അധികാരം കിട്ടാന്‍. ബിജെപി പരസ്യമായി പറയുകയാണ് 35 സീറ്റ് കിട്ടിയാല്‍ ബാക്കി ആളുകളെ കോണ്‍ഗ്രസിന്ന് പിടിച്ചോളാം എന്ന്. അതല്ലേ അതിന്‍റെ അര്‍ത്ഥം. അപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റും കൊടുക്കരുത്. ജനകീയമായി തോല്‍പ്പിക്കണം. നേമത്തിന്ന് കഴിഞ്ഞ തവണ കടന്നുകൂടി, കോണ്‍ഗ്രസിന്‍റെ പിന്തുണയോട് കൂടി. ആ നേമത്തും ഇത്തവണ ബിജെപി തോല്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ ബിജെപിയില്ലാത്ത നിയമസഭയാണ് കേരളം വിഭാവനം ചെയ്യുന്നത്. ഇവിടെ കാലുമാറ്റം വഴിയും കൂറുമാറ്റം വഴിയും മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെപി കടന്നുവന്നത് പോലെ അവര്‍ക്ക് അവസരം കിട്ടാതിരിക്കണമെങ്കില്‍ ഇടതുപക്ഷത്തിന്‍റെ അംഗബലം വര്‍ധിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button