കോടിയേരി സെക്രട്ടറി പദവിയില്‍ തിരിച്ചെത്തുന്നു
തിരുവനന്തപുരം: ഒരുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ തിരിച്ചെത്തുന്നു. നാളെ കോടിയേരി ചുമതലയേല്‍ക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 2020 നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്ണന്‍ പദവി ഒഴിഞ്ഞത്.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവധി. മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സൃഷ്ടിച്ച പിരിമുറുക്കവും അവധിയുടെ അനിവാര്യത സൃഷ്ടിച്ചു. പകരം ചുമതല നല്‍കിയത് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതും മകന്‍ ബിനീഷ് ജയില്‍ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിന് വഴിയൊരുക്കി.
മാറി നില്‍ക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച കോടിയേരി അവധി അപേക്ഷ നല്‍കിയത് പാര്‍ട്ടി അംഗീകരിച്ചു. കോടിയേരി അവധി ആവശ്യപ്പെട്ടപ്പോള്‍ 2019ല്‍ യുഎസില്‍പോയപ്പോള്‍ അവധി എടുക്കാത്തതിനാല്‍ ഇപ്പോഴും വേണ്ടെന്ന അഭിപ്രായം ഉയര്‍ന്നു. ഡോക്ടര്‍മാര്‍ തുടര്‍ചികില്‍സ നിര്‍ദേശിച്ചതായി സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ച കോടിയേരി പകരം സെക്രട്ടറി വേണമെന്നും ആവശ്യപ്പെട്ടു. കോടിയേരി തന്നെയാണ് എ. വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത്.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ പിന്തുണച്ചു. ഒടുവില്‍ ഒരു വര്‍ഷമാകുമ്പോള്‍ അതേ സെക്രട്ടേറിയറ്റ് യോഗത്തിന്റെ അംഗീകാരത്തോടെ കോടിയേരി സ്ഥാനത്തേക്കു തിരികെ എത്തുകയാണ്. 2015ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018ല്‍ തൃശൂരില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 16ാം വയസിലാണ് പാര്‍ട്ടി അംഗമാകുന്നത്. ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചശേഷം ജില്ല സെക്രട്ടറിയായി ആറു വര്‍ഷം പ്രവര്‍ത്തിച്ചു.