
നിയമങ്ങള്‍ കര്‍ശനമാക്കും; പുതിയ ഭേദഗതി ഇങ്ങനെ.
കുവൈറ്റ് സിറ്റി: വിസാക്കച്ചവടത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ റെസിഡന്‍സി നിയമം അവലോകനം ചെയ്ത് കുവൈറ്റ് മാറ്റങ്ങൾ വരുത്തുന്നു. ഇതിനായുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം മന്ത്രിസഭയുടെ മുൻപിൽ അംഗീകാരത്തിനായും തുടര്‍ന്ന് അടിയന്തരപ്രാധാന്യമുള്ള വിഷയമെന്ന നിലയില്‍ നാഷണല്‍ അസംബ്ലിക്ക് കൈമാറുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇതിനായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സലെ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. റെസിഡന്‍സി നിയമത്തില്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുതിയ നിയമം സമിതിയുടെ മേല്‍നോട്ടത്തില്‍ ഏറെക്കുറെ തയ്യാറാക്കിയതായാണ് സൂചന.
റെസിഡന്‍സി/തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ ലംഘിക്കുന്ന മുറയ്ക്ക് സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ക്കടക്കം കനത്ത പിഴശിക്ഷ ചുമത്തണമെന്ന് പുതിയ ഭേദഗതിയിലുണ്ട്.
മാത്രമല്ല, രണ്ടു വര്‍ഷത്തേക്ക് കമ്പനിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തുകയും തൊഴിലുടമകളെ/സ്‌പോണ്‍സര്‍മാരെ അന്വേഷണ വിധേയമാക്കുകയും ചെയ്യും. കൂടാതെ, നിയമലംഘകരായ തൊഴിലാളികളുടെ താമസ-ഭക്ഷണ-വിമാന ടിക്കറ്റ് ചെലവുകള്‍ സ്‌പോണ്‍സര്‍മാര്‍ വഹിക്കുകയും വേണം. പുതിയ ഭേദഗതി പ്രകാരം റെസിഡന്‍സി ലംഘനത്തിനുള്ള പ്രതിദിന പിഴ 20 കെ.ഡി. ആയി ഉയര്‍ത്തും. എന്നാല്‍ ആകെ തുക 500 കെ.ഡിയില്‍ കൂടരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ നാടുകടത്തുന്ന പ്രവാസികള്‍ തിരിച്ച് കുവൈറ്റിലേക്ക് പ്രവേശിക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് വിലക്കും.
നിര്‍ദ്ദിഷ്ട നിയമത്തിലെ വ്യവസ്ഥ പ്രകാരം തൊഴിലുടമയുടെ സാന്നിധ്യത്തിലല്ലാതെ ഒരു പ്രവാസിക്കും റെസിഡന്‍സി അനുവദിക്കില്ല.
ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാവൂവെന്നും നിര്‍ദ്ദേശമുണ്ട്. ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി റെസിഡന്‍സിയുടെ കാലാവധിക്ക് അനുസൃതമായിരിക്കും. നിയമലംഘകരായ പ്രവാസികളെ നാടു കടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് വിപുലമായ അധികാരം നല്‍കണമെന്നും പുതിയ ഭേദഗതിയില്‍ ആവശ്യപ്പെടുന്നു. സ്വകാര്യമേഖലയില്‍ തൊഴിലാളികളെ നല്‍കാന്‍ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കി സര്‍ക്കാര്‍ ഏജന്‍സികളെ നിയോഗിക്കാമെന്നും ഭേദഗതിയിലുണ്ട്.