ഇന്ത്യയിലെ സ്വർണക്കടത്ത് രാജാക്കന്മാർക്ക് കോഫെപോസ, ഒരുവർഷം കരുതൽ തടങ്കൽ

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണക്കടത്ത് കേസിലെ പ്രതികളായ രണ്ട് മലയാളികൾക്ക് മേൽ കോഫെപോസ ചുമത്തി. കോഫെപോസ നിയമപ്രകാരം രണ്ടുപേരെയും ഒരുവർഷം കരുതൽ തടങ്കലിൽവെക്കും. രാജ്യത്തെ സ്വർണരാജാക്കൻമാർ എന്നറിയപ്പെടുന്ന കൊച്ചി, പെരുമ്പാവൂർ സ്വദേശികളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആസിഫ് എന്നിവരെയാണ് കരുതൽത്തടങ്കലിൽ വെക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇരുവരും ഇപ്പോഴുള്ളത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖംവഴി പാഴ്‌വസ്തുക്കളെന്ന വ്യാജേന
ഉദ്യോഗസ്ഥരെ കബളിപ്പിച്ചു 1473 കോടി രൂപ മൂല്യമുള്ള 5000 കിലോ സ്വർണമാണ് ഇവർ കടത്തിയിരുന്നത്. പെരുമ്പാവൂരിലെ നിസാർ അലിയെ 185 കിലോ സ്വർണക്കട്ടികളുമായി 2019 മാർച്ചിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) പിടികൂടിയതോടെയാണ് സ്വർണക്കട ത്തുമായി ബന്ധപ്പെട്ട വിവരം പുറത്തറിയുന്നത്.
മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആസിഫ് എന്നിവരുടെ നേതൃത്വത്തിൽ ദുബായിൽനിന്ന് 2017 ജനുവരി മുതൽ 2019 മാർച്ച് വരെ പാഴ്‌വസ്തുക്കൾ എന്നപേരിലാണ് പിച്ചളപൂശി ഗുജറാത്ത് തുറമുഖംവഴി സ്വർണം കടത്തിയത്.
മുംബൈ ഡി.ആർ.ഐ. രജിസ്റ്റർചെയ്ത കേസിൽ ഇവരോട് കീഴടങ്ങാൻ ഡൽഹി കോടതി നിർദേശിച്ചിരുന്നതാണ്. കഴിഞ്ഞ ജൂണിൽ ഇരുവരും തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് കീഴടങ്ങിയിരുന്നു. തെളിവുകൾ പരിശോധിച്ച മുംബൈ ഹൈക്കോടതിയിലെ പ്രത്യേകസമിതിയാണ് ഇവരെ ഒരുവർഷത്തെ കരുതൽത്തടങ്കലിൽ പാർപ്പിക്കാൻ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നടപടി. കോഫെപോസ കരുതൽത്തടങ്കൽ വന്നതോടെ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഒരുക്കം മുംബൈ ഡി.ആർ.ഐ. സംഘം തുടങ്ങി.