ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനിടെ രണ്ടാം ഡോസ് വാക്‌സിനും ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം സ്വീകരിച്ചു. കോവിഷീല്‍ഡ് വാക്സിനാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യന്‍ നായകനും സംഘത്തിനും യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് നല്‍കിയത്.
ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുന്‍പു തന്നെ സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ വച്ച് ടീമിന് ലഭ്യമാക്കുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അവസാനിച്ചതിനെ തുടര്‍ന്ന് മൂന്ന് ആഴ്ചത്തെ ഇടവേളയിലായിരുന്നു ഇന്ത്യന്‍ ടീം. ജൂലൈ 14 ന് ഇടവേള അവസാനിപ്പിച്ച് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കുള്ള പരിശീലനത്തിനൊരുങ്ങും എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. യുകെയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വാക്‌സിന് സ്വീകരിച്ചാലും താരങ്ങള്‍ ബയോ ബബിളിലേക്ക് ചേരണം. അതിനാല്‍ തന്നെ കളിക്കാരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.
പരമ്പരകള്‍ കളിക്കുന്നതിനിടയില്‍ ഇംഗ്ലണ്ട് കളിക്കാര്‍ക്കും ഒപ്പം ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ശ്രീലങ്കന്‍ ടീമിനുള്ളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശോധന കര്‍ശനമാക്കുന്നത്.