Kerala NewsLatest News

ആനി ശിവയെ അപമാനിച്ചു; ഹൈകോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി

സമൂഹമാധ്യമങ്ങളില്‍ അപമര്യാദയായി പെരുമാറുന്നതില്‍ ഹൈകോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍. അഭിഭാഷക നിയമത്തിലെ 35-ാം വകുപ്പ് പ്രകാരമാണ് ബാര്‍ കൗണ്‍സില്‍ നടപടി. കൊച്ചിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

സമൂഹമാധ്യമങ്ങളിലെ മോശം പെരുമാറ്റം ആരോപിച്ച്‌ അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള (ബിസികെ) ശനിയാഴ്ചയാണ് തീരുമാനിച്ചത്. എസ് ഐ ആനി ശിവയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദീകരണം ചോദിച്ച്‌ സംഗീത ലക്ഷ്മണിന് നോടീസ് നല്‍കും. ബാര്‍ കൗണ്‍സിലിന്റെ നോടീസിനുള്ള സംഗീതയുടെ മറുപടി തൃപ്തികരമല്ലെന്നു കണ്ടാല്‍ തുടര്‍നടപടിക്കായി അച്ചടക്ക കമിറ്റിക്ക് വിടും.

‘1961 ലെ അഭിഭാഷക നിയമത്തിലെ സെക്ഷന്‍ 35 പ്രകാരം മോശമായി പെരുമാറി എന്നാരോപിച്ച്‌ സംഗീത ലക്ഷ്മണയ്ക്കെതിരെ സ്വമേധയാ അച്ചടക്കനടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി’ ബി സി കെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. നിയമത്തിലെ 35-ാം വകുപ്പ് മോശെ പെരുമാറ്റത്തിനുള്ള ശിക്ഷ വ്യക്തമാക്കുന്നു.

പ്രതിസന്ധികളെ തരണം ചെയ്ത് പൊലീസ് എസ് ഐ പദവിയിലെത്തിയ ആനി ശിവയെ സംഗീത ലക്ഷ്മണ്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത് വന്‍ വിമര്‍ശനത്തിനു വഴിവെച്ചിരുന്നു. ആനി ശിവ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എസ് ഐ ആയി ചുമതലയേറ്റത്തിനു പിന്നാലെയായിരുന്നു അധിക്ഷേപിച്ചുള്ള ഫേസ്ബുക് പോസ്റ്റ്. ആനി ശിവയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടതിന് സംഗീത ലക്ഷ്മണയ്ക്കെതിരെ എറണാകുളം പൊലീസ് കഴിഞ്ഞ ആഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button