മൊബൈൽ പ്രണയത്തിൽ പതിമൂന്നുകാരിയെ വീഴ്ത്തി; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: മൊബൈൽ പ്രണയത്തിൽ പതിമൂന്നുകാരിയെ വീഴ്ത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആയൂർ ഇളമാട് സ്വദേശി ഷഹിനാണ് അറസ്റ്റിലായത്. ചടയമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. പതിമൂന്നുകാരിയെ മൊബൈൽ ഫോൺ വഴിയാണ് ഷഹിൻ പരിചയപ്പെട്ടത്.
പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനൽകി വശത്താക്കി. തുടർന്ന് മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ വീടിന് സമീപത്തെ പാറമടയിൽവെച്ചും പീഡനത്തിനിരയാക്കി. പെൺകുട്ടിയുടെ സ്വർണമാലയും പ്രതി കൈക്കലാക്കി.
നാളുകൾക്ക് ശേഷം കുട്ടിയുടെ മാല കാണാത്തതിനെ തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.