കോങ്ങാട് എംഎൽഎ കെവി വിജയദാസ് അന്തരിച്ചു.

തൃശൂർ / കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ്(61) അന്തരിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 7.45-ഓടെയായിരുന്നു അന്ത്യം. അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. കോവിഡ് ബാധിതനായി ഡിസംബർ 11-നാണ് എംഎൽഎ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
തുടർന്ന് കോവിഡ് നെഗറ്റീവായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥിതി ഗുരുതരമാവുകയായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എംഎൽഎയെ വിധേയനാക്കുകയും ചെയ്തിരുന്നു.
വേലായുധൻ-താത്ത ദമ്പതികളുടെ മകനായി 1959-ൽ പാലക്കാട്ടെ എലപ്പുള്ളിയിൽ ജനിച്ച കെ.വി വിജയദാസ് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. രണ്ടാം തവണയാണ് വിജയദാസ് കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011-ലാണ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. രണ്ടാം തവണ 2016-ൽ യുഡിഎഫ് സ്ഥാനാർത്ഥി പന്തളം സുധാകരനെ 13000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തുന്നത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ കെ.വി വിജയദാസ്, പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.