കോതമംഗലം കൊലക്കേസ്; പെൺസുഹൃത്ത് വിഷം കലർത്തിയത് എനർജി ഡ്രിങ്കിലാണെന്ന് പൊലീസ്
കോതമംഗലം അൻസിൽ കൊലക്കേസിൽ, പെൺസുഹൃത്ത് വിഷം കലർത്തിയത് എനർജി ഡ്രിങ്കിലാണെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിലെ തെളിവെടുപ്പിനിടെ എനർജി ഡ്രിങ്ക് കാനുകൾ കണ്ടെത്തി. അൻസിൽ സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
പോലീസിന്റെ വിവരമനുസരിച്ച്, മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെയാണ് അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മുമ്പ് പലവട്ടം വിളിച്ചിട്ടും ഭയത്തെ തുടർന്ന് അൻസിൽ വരാൻ തയ്യാറായിരുന്നില്ല. എന്നാൽ സുഹൃത്തിന്റെ ഇടപെടലിലൂടെ, യുവതി ആസൂത്രണം ചെയ്ത പ്രകാരം അൻസിൽ വീട്ടിലെത്തി.
കേസിൽ യുവതി നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണമാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിനായി വിഷം വാങ്ങിയ കടയിൽ തെളിവെടുപ്പ് നടത്തി. കടയിൽ ഉണ്ടായിരുന്നവർ യുവതിയെ തിരിച്ചറിഞ്ഞു. ഏകദേശം ഒരു മാസം മുൻപ് കോതമംഗലം ചെറിയ പള്ളിത്താഴത്തെ വളക്കടയിൽ നിന്നും അവൾ ഗൂഗിൾ പേ വഴി പണം നൽകി ഒരു ലിറ്റർ കളനാശിനി വാങ്ങിയിരുന്നു. അൻസിലുമായുള്ള സാമ്പത്തിക തർക്കം പരിഹരിക്കപ്പെടാത്തതിനാൽ ഇയാളെ ഇല്ലാതാക്കാനുള്ള പദ്ധതി യുവതി ഒരുമാസം മുൻപ് തന്നെ തയ്യാറാക്കിയതാണെന്ന് പൊലീസ് സംശയിക്കുന്നു.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ ശ്രമം. കൊല നടന്ന വീട്ടിലെ സിസിടിവി ഡിവിആർ കണ്ടെത്തുകയെന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്. വീട്ടിലെത്തിച്ച തെളിവെടുപ്പിനോടൊപ്പം അൻസിലിന്റെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. യുവതിയെ നേരിട്ട് ചോദ്യം ചെയ്യാനും നടത്താനാണ് അന്വേഷണ സംഘം പദ്ധതിയിടുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Tag: Kothamangalam murder case; Police say girlfriend poisoned energy drink