കോതമംഗലം യുവതിയുടെ ആത്മഹത്യ ;യുവതിയുടെ സുഹൃത്തും കേസിൽ നാലാം പ്രതിയുമായ സഹദ് കസ്റ്റഡിയിൽ

കോതമംഗലം : കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തും കേസിൽ നാലാം പ്രതിയുമായ സഹദ് കസ്റ്റഡിയിൽ. യുവതിയെ ആൺസുഹൃത്ത് റമീസ് മർദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, സേലത്ത് നിന്ന് പിടികൂടിയ റമീസിന്റെ മാതാപിതാക്കളെ കോതമംഗലം സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. പിതാവ് റഹീം, മാതാവ് ശരീഫ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മരണത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. കേസിൽ റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. റമീസാണ് ഒന്നാം പ്രതി.
സോനയെ ഇക്കഴിഞ്ഞ പതിനൊന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് സോന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ ക്രൂരമായി മർദിച്ചുവെന്നും ആയിരുന്നു ആത്മഹത്യാ കുറിപ്പിൽ .റമീസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക ഉപദ്രവം ഏൽപിക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കേസ് നിലവിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.