കോതമംഗലത്ത് യുവാവിനെ വിഷം നൽകി കൊന്ന കേസ്; യുവതി മാസങ്ങൾക്ക് മുൻപ് വിഷം വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന് വിവരം
കോതമംഗലത്ത് അന്‍സിൽ എന്ന യുവാവിനെ വിഷം നൽകി കൊന്ന കേസിൽ, പ്രതയായ യുവതി മാസങ്ങളോളം ആസൂത്രണം നടത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വിഷം വാങ്ങിയ കടയിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ശാസ്ത്രീയ തെളിവുകൾ കൂടി സമാഹരിച്ചു കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ശ്രമം.
അന്‍സിലിന് വിഷം നൽകുന്നതിന് ഏകദേശം ഒരു മാസം മുമ്പ്, യുവതി കോതമംഗലം ചെറിയ പള്ളിത്താഴത്തെ വളക്കടയിൽ നേരിട്ട് എത്തി കളനാശിനി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരു ലിറ്റർ കളനാശിനിക്ക് ഗൂഗിൾ പേ വഴിയാണ് പണം നൽകിയതും തെളിവെടുപ്പിനിടെ കടയിലെ ജീവനക്കാർ യുവതിയെ തിരിച്ചറിയുകയും ചെയ്തു. അന്‍സിലുമായുണ്ടായിരുന്ന സാമ്പത്തിക തർക്കം പരിഹരിക്കപ്പെടാതിരുന്നാൽ ഇയാളെ കൊല്ലാമെന്നുള്ള പദ്ധതി യുവതി മുൻകൂട്ടി തയ്യാറാക്കിയിരുന്നുവെന്നാണ് പൊലീസ് സംശയം.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ്, കൊലപാതകം നടന്ന വീട്ടിലെ സിസിടിവി ഡിവിആർ കണ്ടെത്തുന്നതും അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യമാണ്. സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനൊപ്പം, അന്‍സിലിന്റെ ബന്ധുക്കളുടെയും യുവതിയുടെയും മൊഴികൾ സമന്വയിപ്പിച്ച് ചോദ്യം ചെയ്യലും നടക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
Tag: Kothamangalam Youth killed by poisoning; Information suggests that the woman had purchased and stored the poison months ago