കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു.

കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച ചുങ്കം സി.എം.എസ് കോളജ് നടുമാലില്‍ ഔസേഫ് ജോസഫ് ജോര്‍ജിന്റെ (83) ശവസംസ്കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. മുട്ടമ്പലത്തെ പൊതുശ്മശാനത്തില്‍ മൃതദേഹം എത്തിക്കും മുൻപ് തന്നെ ശ്മശാനത്തിലേക്കുള്ള വഴി നാട്ടുകാര്‍ സംഘടിച്ച് അടക്കുകയായിരുന്നു. ശ്മശാനത്തിണ് സമീപം ധാരാളം വീടുകൾ ഉള്ളതിനാൽ, മണ്ണിൽ മറവു ചെയ്യാനോ, ദഹിപ്പിക്കാനോ പറ്റില്ലെന്ന് പറഞ്ഞാണ് നാട്ടുകാരുടെ പ്രതിരോധമുണ്ടായത്.
പോലീസ് ഇടപെട്ട് അടച്ചു കെട്ടിയ വഴി തുറന്നെകിലും മൃതദേഹം ശവസംസ്കാരത്തിനു അനുവദിക്കില്ലെന്ന വാശിയിലായിരുന്നു നാട്ടുകാർ. റോഡ് അടച്ച് കെട്ടുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ പോലീസ് മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തീരുമാനിക്കട്ടെ എന്ന നിലപാടെടുക്കുകയായിരുന്നു. നഗരസഭാ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനാണ് തീരുമാനമെന്നും മറ്റ് തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നാട്ടുകാര്‍ സംഘടിച്ച് അതിനെ എതിർക്കുകയായിരുന്നു.
എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ ജനപ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും പ്രദേശവാസികൾ പ്രതിഷേധം തുടരുകയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തിങ്കളാഴ്ച തീരുമാനമെടുക്കും.