കോവിഡ് 19 വാക്സിൻ : ഇന്ത്യക്കാർ ശുഭാപ്തി വിശ്വാസക്കാർ.

കോവിഡ് 19 വാക്സീന്റെ കാര്യത്തിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ ശുഭാപ്തി വിശ്വാസമുള്ളവരെന്ന് സർവ്വേ റിപ്പോർട്ട്.
വാക്സീൻ സ്വീകരിക്കാൻ കൂടുതൽ താൽപര്യമുള്ളവരും ഇന്ത്യയിലെ ജനങ്ങളാണെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു.15 രാജ്യങ്ങളിൽ നിന്നായി 18,526 പേരിൽ വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
ഇന്ത്യയിൽ 73 ശതമാനം ആളുകളും 2021 മധ്യത്തോടു കൂടി വാക്സീൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. വാക്സീൻ ലഭ്യമായി മൂന്നു മാസത്തിനുള്ളിൽ പകുതിയോളം പേർ അത് സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു.ഓഗസ്റ്റ് മുതൽ നടത്തിയ സർവേയിൽ വാക്സീൻ സ്വീകരിക്കാനുള്ള ഇന്ത്യയുടെ താൽപര്യം 87 ശതമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.
ഫ്രാൻസ്, സ്പെയിൻ, ജപ്പാൻ എന്നിവടങ്ങളിലെ ജനങ്ങളാണ് വാക്സീൻ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നതിൽ മുൻപന്തിയിൽ. ഇതിനൊപ്പം എന്നാൽ ചൈന, ഓസ്ട്രേലിയ, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ വാക്സീൻ സ്വീകരിക്കാനുള്ള താൽപര്യം കുറഞ്ഞു വന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നതും ക്ലിനിക്കൽ ട്രയലുകൾ അതിവേഗം നീങ്ങുന്നു തുടങ്ങിയ ആശങ്കകളാണ് വാക്സീൻ സ്വീകരിക്കുന്നതിൽ നിന്ന് ആളകൾ പിന്നോട്ടു പോകാൻ പ്രധാന കാരണമെന്നും സർവേ പറയുന്നു. എന്നാൽ ഇന്ത്യയിൽ 34 ശതമാനം പേർ മാത്രമാണ് പാർശ്വഫലത്തെ കുറിച്ച് ആശങ്കാകുലരാകുന്നത്. 16 ശതമാനം അതിവേഗ ക്ലിനിക്കൽ പരീക്ഷണത്തിലും ആശങ്കയുള്ളന്നും സർവെ പറയുന്നു.