സംസ്ഥാനത്ത് കോവിഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി കൊണ്ടാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിറക്കിയത്.കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനുള്ള കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായാണിത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നടപടി ഉണ്ടായത്.ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാമെന്ന ഇളവ് നിലനില്‍ക്കും.
സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ഉത്തരവ്. സിആര്‍പിസി 144 പ്രകാരമാണ് നടപടി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്‍മെന്‍റ് സോണുകളിലും തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിലും കര്‍ശന നിയന്ത്രങ്ങള്‍ തുടരും.