ചികിത്സയ്ക്ക് പണം തട്ടിയെടുത്തെന്ന പരാതി: ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസ്

കോഴിക്കോട്: ചികിത്സയ്ക്ക് പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‍യുടെയും ആരതിയുടെയും പരാതിയിലാണ് കേസെടുത്തത്. പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസിൻറെ വാദം.
മാനന്തവാടി സ്വദേശിയായ സഞ്ജയ്‍യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോൾ തന്നെ വൻകുടലിന് വലിപ്പ കുറവായിരുന്നു. ഇത് പരിഹരിക്കാൻ കുഞ്ഞിന‍്റെ ദുരിത ജീവിതം പകർത്തി ഫിറോസ് കുന്നംപറമ്പിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. തുടർന്ന് സഞ്ജയ്‍യുടെയും ഫിറോസ് നിർദ്ദേശിച്ച മറ്റൊരാളുടെയും പേരിൽ അക്കൗണ്ടും തുറന്നു. ഈ അക്കൗണ്ടിലേക്ക് പണം എത്തി. എന്നാൽ തുക നിർബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികിത്സക്കുള്ള തുകപോലും ഫിറോസ് നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു.
മാതാപിതാക്കളുടെ ആരോപണത്തെ ഫിറോസ് നിഷേധിച്ചു. കുട്ടിയുടെ ചികിത്സക്കുള്ള പണം നൽകിയിട്ടുണ്ടെന്നാണ് ഇയാളുടെ വിശദീകരണം. ബാക്കി വരുന്ന പണം രോഗികളായ മറ്റുള്ളവർക്ക് നൽകാമെന്ന് നേരത്തെ ധാരണയുണ്ടാക്കിയുന്നു. ധാരണപ്രകാരം തുക മറ്റ് രോഗികൾക്ക് കൈമാറിയിട്ടുണ്ടെന്നും ഫിറോസ് വിശദികരിക്കുന്നു. മാതാപിതാക്കളുടെ പരാതിയിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേസിൽ ഫിറോസ് കുന്നംപറമ്പിലിൻറെ മൊഴി ഇന്ന് രേഖപെടുത്തി.