സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ സ്വത്തുക്കൾ കണ്ട് കെട്ടും.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്ട്രേഷന്‍ വകുപ്പിനു കത്തുനല്‍കി. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പി.എസ്.സരിത്തിനെയും ഏഴ് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
എന്‍ഐഎ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികളെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇഡി കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും ഹവാല, ബെനാമി ഇടപാടുകളുമാണ് ഇഡി അന്വേഷിച്ചുവരുമ്പനത്. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതാണ്.
അതേസമയം, സ്വപ്‌നയുടെതായി കണ്ടെടുത്ത സ്വർണവും പണവും നിക്ഷേപങ്ങളും സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് സ്വപ്ന എൻഐഎ യോട് സമ്മതിച്ചതായിട്ടാണ് അറിയുന്നത്. ഒമാൻ റിയാലും അമേരിക്കൻ ഡോളറും ഉൾപ്പെടെ രണ്ടുകോടിയിലേറെ രൂപയുടെ സമ്പാദ്യമാണ് സ്വപ്നയിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.
കേസിൽ തന്നെ രാഷ്‌ട്രീയപ്രേരിതമായി പ്രതിയാക്കിയതാണെന്നും നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് തന്റെ അറിവേടെയല്ലെന്നുമുള്ള
സ്വപ്നയുടെ അഭിഭാഷകന്റെ വാദത്തിന് മറുപടിയായാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നത്. വിവിധഘട്ടങ്ങളിൽ നടന്ന ചോദ്യം ചെയ്യലിനിടെ സ്വപ്‌ന കുറ്റസമ്മതം നടത്തിയതായും അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
പിടിയിലായ പ്രതികളുമായി ബന്ധമില്ലെന്നും അവരുടെ ക്രിമിനൽ പശ്‌ചാത്തലം അറിയില്ലായെന്നുമാണ് സ്വപ്‌ന പറഞ്ഞിട്ടുള്ളത്. എന്നാൽ നാലാംപ്രതിയും സ്വപ്‌നയും അടുത്തബന്ധം പുലർത്തിയിരുന്നെന്നും എപ്പോഴും ഒന്നിച്ചുണ്ടായിരുന്നെന്നും മറ്റു പ്രതികളുമായി വിവിധയിടങ്ങളിൽ കൂടിക്കാഴ്‌ച നടത്തിയെന്നും എൻഐഎ രേഖാമൂലം കോടതിയെ അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്‌ച പരിഗണിക്കുന്നത്.
ഇതിനിടെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ തിരുവനന്തപുരത്ത് തെളിവെടു്പ്പ് നടത്തി. കേസിലെ മറ്റ് പ്രതികളായ ജലാല്‍, ഷാഫി, ഷറഫുദ്ദീന്‍, ഷെഫീറ് എന്നീ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ ഫ്‌ളാറ്റില്‍ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഹവാല ഇടപാടുകാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം യുഎഇയിലേക്കും എന്‍ഐഎ വ്യാപിപ്പിക്കുകയാണ്. യുഎഇയിലെ നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. കേസ് അന്വേഷിക്കുന്ന എൻഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കുകയാണ്. യുഎഇയിൽ നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും സംഘം അന്വേഷിക്കും.