കൊവിഡ് ചികിത്സ വീഴ്ചയെ പറ്റി വീണ്ടും പരാതി,മൂത്രത്തിൽ മൂന്ന് ദിവസം നനഞ്ഞ് കിടന്ന രോഗിയെ ആരും തിരിഞ്ഞു നോക്കിയില്ല.

തിരുവനന്തപുരം / തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സ വീഴ്ചയെ പറ്റി വീണ്ടും പരാതി ഉണ്ടായി. പനി കൂടി എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിൽ മൂത്രത്തിൽ മൂന്ന് ദിവസം നനഞ്ഞ് കിടന്ന രോഗിയെ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ലക്ഷ്‌മിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. അതേസമയം, യുവതിയുടെ പരാതി ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 26നാണ് കൊവിഡ് പോസിറ്റീവായ ലക്ഷ്‌മിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൊവിഡ് രോഗിയായ ലക്ഷ്‌മിക്ക് പനിയും ശ്വാസംമുട്ടും ഉണ്ടായിരുന്നതായും, മോശം ആരോഗ്യാവസ്ഥയായിരുന്നു എന്നും പറയുന്നു. ആറാം വാർഡിൽ പ്രവേശിപ്പിച്ച ശേഷം കുത്തിവയ്‌പ്പ് നടത്തിയതോടെ ശരീര വേദനയും ക്ഷീണവും കൂടിയെന്നാണ് ആരോപിക്കുന്നത്. ചില മരുന്നുകളോട് അലർജി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും,അലർജി പരിശോധന നടത്താതെ കുത്തിവയ്‌പ്പ് തുടർന്നത് മൂലവും,ആരോഗ്യം കൂടുതൽ വഷളായി. ന്യുമോണിയ ഭേദമാകുന്നതിനുളള ആന്റിബയോട്ടിക്കാണ് നൽകിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികിത്സയും പരിചരണവും നൽകിയെന്നുമാണ് ആശുപത്രിയിലെ കൊവിഡ് നോഡൽ ഓഫിസർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുള്ളത്.