മുൻ എംഎൽഎയും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. മോയിൻകുട്ടി അന്തരിച്ചു.

മുൻ എംഎൽഎയും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. മോയിൻകുട്ടി അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി കിടപ്പിലായിരുന്നു. കൊടുവള്ളിയിൽ നിന്ന് ഒരു തവണയും തിരുവമ്പാടിയിൽ നിന്ന് രണ്ടു തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മോയിൻകുട്ടി രണ്ടു തവണ താമരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. താമരശേരി സി. എച്ച് സെന്റർ പ്രസിഡന്റ്, അണ്ടോണ മഹല്ല് പ്രസിഡന്റ്, കുന്നിക്കൽ മഹല്ല് പ്രസിഡന്റ്, പരപ്പൻപൊയിൽ നുസ്‌റത്തുൽ മുഹ്താജീൻ സംഘം പ്രസിഡന്റ്, ലൗഷോർ ഇൻസ്റ്റിറ്റിയൂഷൻ ഫോർ മെന്റലി ചാലഞ്ച്ഡ് വർക്കിംഗ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് അണ്ടോണ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.