ഇന്ത്യയിൽ കോവിഡ് മരണം 1.50 ലക്ഷത്തിലേക്ക്.

ന്യൂഡൽഹി / കഴിഞ്ഞ 24 മണിക്കൂർ രാജ്യത്ത് 20,021 പുതിയ കൊവിഡ് കേസുകൾ കൂടി. പ്രതിദിന മരണസംഖ്യ വീണ്ടും 300ൽ താഴെ. 279 പേരുടെ മരണമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകൾ 1,02,07,871ഉം, മൊത്തം മരണസംഖ്യ 1,47,901ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തരായവർ 97.82 ലക്ഷത്തിലെത്തി. 95.83 ശതമാനമാണ് റിക്കവറി നിരക്ക്. മരണനിരക്ക് 1.45 ശതമാനം എന്നിങ്ങനെയാണ്. തുടർച്ചയായി ഏഴാം ദിവസവും ആക്റ്റിവ് കേസുകൾ മൂന്നു ലക്ഷത്തിൽ താഴെ തന്നെ നിൽക്കുന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. 2,77,301 പേരാണ് ഇപ്പോൾ രോഗബാധിതരായിട്ടു ള്ളതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെയുള്ള മൊത്തം കേസുകളുടെ 2.72 ശതമാനമാണിത്. ആക്റ്റിവ് കേസുകൾ പ്രതിദിനം കുറഞ്ഞുവരികയാണ്. ഞായറാഴ്ച 7.15 ലക്ഷം സാംപിളുകളാണു പരിശോധന നടത്തിയത്.
പ്രതിദിന മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 66 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പശ്ചിമ ബംഗാളിൽ 29, കേരളത്തിൽ 25 പേർ വീതം 24 മണിക്കൂറിനിടെ മരിച്ചു. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 49,255 ആയിട്ടുണ്ട്. തമിഴ്നാട്ടിൽ 12,069 പേരും കർണാടകയിൽ 12,062 പേരും ഡൽഹിയിൽ 10,453 പേരും ഇതിനകം മരണപെട്ടു. പശ്ചിമ ബംഗാളിൽ ഇതുവരെ കൊവിഡ് ബാധിച്ചു 9,598 പേരാണ് മരിച്ചത്. യുപിയിൽ 8,306 പേരും ആന്ധ്രയിൽ 7,094 പേരും പഞ്ചാബിൽ 5,299 പേരും മരണപെട്ടു.