കൊവിഡ് മരണം ലോകത്ത് 67,000 കവിഞ്ഞു,രോഗബാധിതർ ഒരു കോടി എഴുപത് ലക്ഷം കടന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എഴുപത് ലക്ഷം കടന്നു. മൊത്തം മരണസംഖ്യ 675,760 ആയി. 10,925,063 പേർ സുഖം പ്രാപിച്ചു. അമേരക്കയിലും ബ്രസീലിലും സ്ഥിതി അതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1200ൽ കൂടുതൽ പേർ അമേരിക്കയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 155,284 ആയി ഉയർന്നു. യു.എസിൽ ഇതുവരെ 4,634,577 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,282,660 പേർ ഇതിനോടകം സുഖം പ്രാപിച്ചു.
ബ്രസീലിൽ വ്യാഴാഴ്ച മാത്രം1100ൽ കൂടുതലാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 91,377 ആയി ഉയർന്നു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം കാൽകോടി കടന്നു. 2,613,789 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ യഥാർത്ഥ രോഗികളുടെ എണ്ണം ഇതിലുമേറെയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള സാവോപോളോയിൽ ഓൺലൈൻ റിപ്പോർട്ടിംഗ് സിസ്റ്റത്തിന്റെ തകരാർ മൂലം യഥാർത്ഥ കണക്കുകളല്ല പുറത്തുവിടുന്നതെന്നും ആരോപണമുണ്ട്. ജൂലായ് മുതൽ രാജ്യത്ത് പ്രതിദിനം ആയിരത്തിന് മുകളിൽ കൊവിഡ് മരണം സംഭവിക്കുന്നുണ്ട്. പ്രതിദിനരോഗികൾ ശരാശരി 30,000ത്തിന് മുകളിലാണ്. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയ്ക്കെതിരെ പ്രസിഡന്റ് ജെയർ ബോൾസൊനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. ആകെ രോഗികൾ 16 ലക്ഷം പിന്നിട്ടു. ആകെ മരണം 35,000 കടന്നു. റഷ്യയിലും രോഗബാധ ഏറ്റവും രൂക്ഷമായി തുടരുകയാണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് കുറവാണ് എന്നതാണ് ആശ്വാസകരം.