ഇടപ്പള്ളി- മണ്ണുത്തി പാത ഗതാഗതക്കുരുക്ക് വിമർശിച്ച് സുപ്രീംകോടതി;റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്ര

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ആമ്പല്ലൂരിലും മുരിങ്ങൂരിലുമടക്കം ഇന്നും ഗതാഗതകുരുക്ക് രൂക്ഷം.നാലാഴ്ചയ്ക്കകം അറ്റകുറ്റപ്പണികൾപൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിചിട്ടും ഒരുഭാഗത്തും അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല. ഇതിൽ കടുത്ത വിമർശനവുമായി സുപ്രീം കോടതി.ദേശീയപാതയിൽ 12 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങൾ 150 രൂപ ടോളായി നൽകുന്നതെന്നു എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോൾപിരിക്കുന്ന കമ്പനിയുമാണ് ഹർജി നൽകിയത്. താങ്കൾ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക് ‘ ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്തയോട് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻന്റെ ചോദ്യം . കഴിഞ്ഞ ദിവസം ദേശീയപാതയിലെ മുരിങ്ങൂരിൽ ലോറി മറിഞ്ഞാണ് ഗതാഗത തടസ്സം ഉണ്ടായത് . ഗതാഗത തടസ്സം ഒഴിവാക്കാൻ സർവീസ് റോഡുകൾ നിർമിച്ചിരുന്നെന്നും മഴ കാരണമാണ് നിർമാണ പ്രവർത്തനത്തെ ബാധിച്ചതെന്നും തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു. ദേശീയപാതയിലെ 65 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ടോൾ എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ഗവായിയുടെ ചോദ്യത്തിന്. 150 രൂപയെന്നായിരുന്നു മറുപടി. “ഈ ഭാഗത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ 12 മണിക്കൂർ എടുക്കുമെങ്കിൽ എന്തിനാണ് ടോൾ? ഒരു മണിക്കൂർകൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാൻ 11 മണിക്കൂർ അധികം എടുക്കുകയാണ്. അതിനു ടോളും നൽകേണ്ടിവരുന്നു എന്നും കോടതി ആരോപിച്ചു . റോഡിൻറെ അവസ്ഥ പരിതാപകരം ആണെന്നാണ് കോടതിയുടെ വിലയിരുത്തൽ . ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്‌റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്‌റ്റിസ് എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വിധി പറയാനായി മാറ്റിവെച്ചു .