ബ്രിട്ടണിൽ നിന്നെത്തിയ ആറ് പേർക്ക് കൂടി കൊവിഡ്.

ന്യൂഡൽഹി / ബ്രിട്ടണിൽ നിന്നെത്തിയ ആറ് പേർക്ക് കൂടി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ബ്രിട്ടനിൽ നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 26 ആയി ഉയർന്നു. ബ്രിട്ടണിൽ നിന്നെത്തിയ അൻപതോളം പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8വരെ യു.കെയിൽനിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരെല്ലാം നിരീക്ഷണത്തിലാണ്. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ കൊവിഡ് പരിശോധനാ സംവിധാനങ്ങൾ വർധിപ്പിച്ചു. ചൊവ്വാഴ്ചമുതൽ ബ്രിട്ടനുമായുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. ഡൽഹി,അഹമ്മദാബാദ്, ചെന്നൈ, മുംബൈ, കൊൽക്കത്ത, വിമാനത്താവളങ്ങളിലെത്തിയ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത്. ബ്രിട്ടനിൽ കണ്ടെത്തിയ 70 ശതമാനം വ്യാപനശേഷിയുള്ള പുതിയ കൊറോണയുടെ വകഭേദമാണോ ഇവരിലെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്ന് വരുകയാണ്.