നിയമം കൈയിലെടുക്കാന്‍ മറ്റുളളവര്‍ക്കും പ്രചോദനമാകും, ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്ത് സര്‍ക്കാര്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സര്‍ക്കാര്‍ എതിര്‍ത്തത്.
ജാമ്യം നല്‍കിയാല്‍ നിയമം കൈയിലെടുക്കാന്‍ അത് മറ്റുളളവര്‍ക്കും പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ചത്.
ജാമ്യാപേക്ഷയില്‍ വാദം കേട്ട തിരുവനന്തപുരം ജില്ലാ കോടതി വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.