ആരോഗ്യ പ്രവർത്തകർ, വയോധികർ, മുൻനിര രാഷ്ട്രീക്കാർ എന്നിവർക്ക് യുറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ തുടങ്ങി.

റോം / ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം മറ്റു യൂറോപ്യൻ രാജ്യങ്ങളിലും പടർന്നത് കനത്ത ആശങ്ക പടർത്തിയതിന് പിന്നാലെ കോവിഡ് 19 പ്രതിരോധ വാക്സിനേഷൻ പരിപാടിക്ക് യുറോപ്യൻ യൂണിയൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. യുറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലാണ് വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ 450 മില്യൻ ആളുകൾക്ക് വാക്സീൻ നൽകുകയാണു ലക്ഷ്യം. ആരോഗ്യ പ്രവർത്തകർ, വയോധികർ, മുൻനിര രാഷ്ട്രീക്കാർ എന്നിവരാണ് 27 രാജ്യങ്ങളിലായി ആദ്യ കുത്തിവയ്പ് സ്വീകരിച്ചിരിക്കുന്നത്. വാക്സീന്റെ ആദ്യ ഡോസ് എടുത്തവർ മൂന്നാഴ്ചയ്ക്കു ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കും. ഫൈസർ ബയോൺടെക് വാക്സീനാണ് യുറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലായി നൽകുന്നത്. യുറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലായി 16 മില്യൻ കോവിഡ് കേസുകളും മൂന്ന് ലക്ഷത്തോളം മരണങ്ങളുമാണ് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
‘ഇന്ന് ഈ ദുർഘടമായ വർഷത്തിന്റെ താൾ ഞങ്ങൾ മറിക്കുകയാണ്. കോവിഡ്– 19 വാക്സീൻ എല്ലാ യുറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ലഭ്യമാക്കി. ഐക്യത്തിന്റെ ഹൃദയസ്പർശിയായ ദിനമായിരിക്കും യുറോപ്യൻ യൂണിയന്റെ വാക്സിനേഷൻ ദിനങ്ങൾ. മാഹാമാരിയിൽ നിന്ന് പുറത്തുകടക്കാനുള്ള ഏക മാർഗമാണ് പ്രതിരോധ കുത്തിവയ്പ്’– യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻഡർ ലെയന്‍ ട്വിറ്ററിൽ കുറിച്ചു. കോവിഡ് മഹാമാരി എറ്റവും മോശമായി ബാധിച്ച യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ ആദ്യം വാക്സീൻ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തിയത് ഒരു ഗവേഷകയും നഴ്സും ആരോഗ്യപ്രവത്തകനുമാണ്. ആദ്യഘട്ടത്തിൽ 9750 വാക്സീനുകളാണ് രാജ്യത്ത് എത്തിയത്. ‘ഇറ്റലി ഇന്ന് ഉണരുകയാണ്. ഈ ദിവസം ഞങ്ങളുടെ ഓർമകളിൽ എന്നും ഉണ്ടാകും’– പ്രധാനമന്ത്രി ഗുയിസെപ്പ് കോൻഡേ പറയുകയുണ്ടായി.