കോഴിക്കോട് വിജിൽ കൊലപാതകം ; മൃതദേഹത്തിനായുള്ള തിരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കും

കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ കൊലപാതകക്കേസിൽ, മൃതദേഹത്തിനായുള്ള തെരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കും. ലാൻഡ് പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുക . റിമാൻഡിൽ കഴിയുന്ന 2 പ്രതികൾക്കായി എലത്തൂർ പൊലീസ് കൊയിലാണ്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
കോഴിക്കോട് സരോവരം ട്രേഡ് സെൻ്റർ സമീപത്തെ ചതുപ്പിൽ വിജിലിന്റെ മൃതദേഹം കുഴിച്ചു മൂടി, എന്ന ഒന്നാം പ്രതി നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് കഴിഞ്ഞ ആഴ്ച എലത്തൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പരിശോധന നിർത്തി വെച്ചു. നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് & സ്റ്റഡി സെൻ്ററിൻ്റെ റഡാർ സഹായത്തോടെ തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിക്കാനാണ് തീരുമാനം. ലാൻഡ് പെനിറ്റ്റൈറ്റിംഗ് റഡാർ സംവിധാനം മണ്ണിനടിയിലുള്ള മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താൻ ഫലപ്രദമാണ്. അഞ്ചു മുതൽ 10 മീറ്റർ വരെ ആഴത്തിലുള്ള മൃതദേഹ അവശിഷ്ടങ്ങൾ ഇതുവഴി കണ്ടെത്താനാകും. എന്നാൽ വെള്ളം വറ്റിയ ശേഷം മാത്രമേ ഇത് സാധ്യമാകൂ. ഡോഗ് സ്ക്വാഡിലെ കഡാവർ നായ്ക്കളുടെ സഹായവും ഉണ്ടാവും.2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചേർന്ന് ചതുപ്പിൽ കുഴിച്ചു മുടി എന്നാണ് മൊഴി. രണ്ടാംപ്രതി രഞ്ജിത്തിനായുള്ള അന്വേഷണം തുടരുന്നു