സൗജന്യ ഓണ കിറ്റ് കിട്ടില്ലേ? കൈ മലര്‍ത്തി റേഷന്‍ കടക്കാര്‍
തിരുവനന്തപുരം:ജനങ്ങള്‍ക്ക് വേണ്ടി റേഷന്‍ കടകള്‍ വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാന്‍ തുടങ്ങിയത് കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ്. തുടര്‍ന്നിങ്ങോട്ട് മുടങ്ങാതെ കേരള സര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നുണ്ട്. ഇത്തവണ ഓണം ആഘോഷമാക്കന്‍ പായസം വയ്ക്കാന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി 15 ഇനം സാധനങ്ങള്‍ അടങ്ങിയകിറ്റാണ് വിതരണം ചെയ്യുന്നത്.
റേഷന്‍ കടകള്‍ വഴി ഈ മാസം 16നകം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം നടത്താനാണ് തീരുമാനം. എന്നാല്‍ ഇതുവരെ ഇരുപത് ശതമാനത്തോളം പേര്‍ക്ക് പോലും ഓണ കിറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി ഉയരുകയാണ്.
കഴിഞ്ഞ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം റേഷന്‍ കട വഴി നടത്തണം എന്നായിരുന്നു ഭക്ഷ്യ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ പല റേഷന്‍ കടകളിലും ഓണ കിറ്റ് വാങ്ങാനായി പോകുന്നവര്‍ വെറും കയ്യോടെ മടങ്ങി വരുന്ന കാഴ്ച്ചയാണ് ഉള്ളത്.
പാക്കിങ് കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്താന്‍ എടുക്കുന്ന കാലതാമസമാണ് റേഷന്‍ കടകളില്‍ കിറ്റെത്താന്‍ വയ്കുന്നതിന് കാരണമായി പറയുന്നത്. അതേസമയം ഒരാഴ്ചക്കുള്ളില്‍ റേഷന്‍ കടകളില്‍ മുഴുവന്‍ കിറ്റെത്തുമെന്നും പറയപ്പെടുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന കിറ്റ് കാത്തിരിക്കുന്ന നിരവധി പേരുണ്ട്.