Kerala NewsLatest NewsLocal NewsNewsPolitics

ചട്ടലംഘനത്തെ മന്ത്രി കെ.ടി ജലീൽ സക്കാത്തെന്ന നിർബന്ധിത ദാന കർമ്മവുമായി ബന്ധപ്പെടുത്തേണ്ട,കെ.പി.എ മജീദ്.

സക്കാത്തെന്ന നിർബന്ധിത ദാന കർമ്മവുമായി ബന്ധപ്പെടുത്തി താൻ ചെയ്ത ചട്ടലംഘനത്തെ മന്ത്രി കെ.ടി ജലീൽ സാമുദായികവൽക്കരിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സക്കാത്ത് സംഭാവനയുടെ മുകളിലാണോ താഴെയാണോ എന്നതല്ല ഇപ്പോഴത്തെ വിഷയം. മന്ത്രി വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നതാണ്. വിദേശ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാന മന്ത്രിക്ക് അധികാരമില്ലെന്നതാണ് പ്രശ്‌നം. ഈ രാഷ്ട്രീയ പ്രശ്‌നത്തെ സാമുദായികമായി വഴിതിരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.

സക്കാത്തിന്റെ അവകാശികൾ ആരൊക്കെ എന്നതിന് ഇസ്‌ലാം കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെ സക്കാത്ത് വിഹിതമെന്നു പറയുന്ന കിറ്റുകൾ ആരുമറിയാതെ പാർട്ടി ഓഫീസിലാണ് മന്ത്രി വിതരണം ചെയ്തത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കോൺസുലേറ്റുമായുള്ള ഇടപാടുകൾക്ക് വിവാദ വനിത സ്വപ്‌ന സുരേഷിനെ ഉപയോഗിക്കുകയും വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് ഫണ്ട് സ്വീകരിക്കുകയും ചെയ്തു. തനിക്ക് സംഭവിച്ച തെറ്റുകൾ മൂടിവെക്കാൻ ഇതിനുമുമ്പും ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളുമായി മന്ത്രി ശ്രമിച്ചിട്ടുണ്ട്. തെറ്റു പറ്റിയാൽ അത് സമ്മതിക്കാനുള്ള ആർജ്ജവം കാണിക്കണം. രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടണം. വിഷയം സാമുദായികവൽക്കരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടപ്പുള്ള കാര്യമല്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button