വിവേചനം; അക്കാദമിക്കെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധം -കെ.പി.എ.സി. ലളിത

ആർ എൽ വി രാമകൃഷ്ണൻ്റെ ആത്മഹത്യ ശ്രമവും സംഗീത നാടക അക്കാദമിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചെയർപേഴ്സൺ കെ.പി.എ.സി. ലളിത. നൃത്തകലാകാരൻ ആർ.എൽ.വി. രാമകൃഷ്ണന് അക്കാദമി സംഘടിപ്പിക്കുന്ന ഓൺലൈൻ പരിപാടിയിൽ അവസരം നിഷേധിച്ചുവെന്നും ദളിതനായതുകൊണ്ടുള്ള വിവേചനമാണ് ഇതെന്നുമായിരുന്നു ആരോപണം. ആർ.എൽ.വി. രാമകൃഷ്ണനോട് താൻ പറഞ്ഞതായി പ്രചരിക്കുന്ന സംഭാഷണം സത്യവിരുദ്ധമാണെന്ന് കെ.പി.എ.സി. ലളിത പ്രതികരിച്ചു.
കോവിഡ് കാലത്ത് പൊതുപരിപാടികൾ സംഘടിപ്പിക്കാനുള്ള പരിമിതി തരണം ചെയ്യാൻ കഴിയുമോ എന്ന പരീക്ഷണമായാണ് ഓൺലൈൻ പരിപാടി ആരംഭിച്ചത്. ഇതിൽ നൃത്തം ഉൾപ്പെടെയുള്ള പരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചർച്ചയോ അപേക്ഷ ക്ഷണിക്കലോ തീരുമാനമോ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട്, ആർ.എൽ.വി. രാമകൃഷ്ണന്റെ അപേക്ഷ തിരസ്കരിച്ചു എന്ന ആരോപണം ശരിയല്ല.കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയ കലാകാരന്മാർക്ക് സർഗ്ഗപരമായും കുറഞ്ഞ തോതിലെങ്കിലും സാമ്പത്തികമായും സഹായം ചെയ്യുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഓൺലൈൻ പരിപാടി ആരംഭിച്ചത്. ഈ സദുദ്ദേശ്യത്തെ കളങ്കപ്പെടുത്തുക എന്ന രാഷ്ട്രീയലക്ഷ്യമാണ് ആരോപണത്തിനു പിന്നിലെന്നും ചെയർപേഴ്സൺ കുറ്റപ്പെടുത്തി.