കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി രൂപീകരിച്ചു. ദീപ ദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ദില്ലിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അംഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഏകെ ആന്റണിയും ഉൾപ്പെടെയുള്ളവരാണ് കമ്മിറ്റിയിലുള്ളത്. ഈ കോർകമ്മിറ്റി ആഴ്ച്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് നിർദേശം.
സംസ്ഥാന നേതൃത്വത്തിനുള്ളിലെ അനൈക്യം പരിഹരിക്കാനും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ കാര്യങ്ങൾ ഏകോപിതമായി മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിൽ പ്രത്യേക കോർ കമ്മിറ്റി രൂപീകരിച്ചത്. ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചു ചേർത്ത, സംസ്ഥാനത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുത്ത അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ശശി തരൂർ എം.പി., ഷാനിമോൾ ഉസ്മാൻ, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി വർകിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരാണ് അംഗങ്ങൾ.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നേതാക്കൾ തമ്മിൽ ഐക്യം നിലനിർത്തണമെന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിൽ പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാറില്ല എന്ന കാര്യം രാഹുൽ ഗാന്ധി കേരള നേതാക്കളെ ഓർമ്മിപ്പിച്ചു.
എല്ലാ നേതാക്കളും കൂട്ടായ പ്രവർത്തനം ഉറപ്പാക്കുകയും പാർട്ടി യോഗങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും രാഹുൽ ഗാന്ധി നിർദേശിച്ചു. ഹൈക്കമാൻഡിന്റെ ഈ നീക്കം, സംസ്ഥാനത്ത് പാർട്ടിയുടെ ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്ക് വ്യക്തമായ ദിശ നൽകാനാണ് ലക്ഷ്യമിടുന്നത്.
Tag: KPCC has a 17-member core committee; AK Antony and Shanimol Usman are in the committee
 
				


