കുഞ്ഞാലിക്കുട്ടി ഡെൽഹിയിൽ എന്തുചെയ്തു? കലാപകാലത്ത് മുസ്ലിങ്ങളെ സംരക്ഷിച്ചത് സിപിഎം; തലശ്ശേരി കലാപത്തിൽ മുണ്ടും മടക്കി കുത്തി നിന്നത് പിണറായി: എംഎം മണി

ഇടുക്കി: മുസ്ലിം ലീഗിനെതിരായ വിമർശനം ഇനിയും തുടരുമെന്നും മുസ്ലിങ്ങളുടെ ആകെ അവകാശം ലീഗിനല്ലെന്നും മന്ത്രി എം.എം.മണി. തലശ്ശേരി, മറാട് കലാപ കാലത്ത് മുണ്ടുമടക്കിക്കുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം രൂപവത്കരിച്ചപ്പോൾ ഇ.എം.എസ് മറ്റൊരു പാകിസ്താൻ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചവരാണ് സിപിഎമ്മിനെ വിമർശിക്കുന്നത്. ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും കോൺഗ്രസാണ് അന്ന് അങ്ങനെ പറഞ്ഞത്. മുസ്ലിങ്ങളുടെ സംരക്ഷണത്തിനായി ഡെൽഹിയിൽ പോയ കുഞ്ഞാലിക്കുട്ടി എന്ത് ചെയ്തുവെന്നെന്നും മണി ചോദിച്ചു.
തലശ്ശേരി കലാപത്തിന്റെ സമയത്ത് സി.എച്ച് മുഹമ്മദ് കോയ അടക്കം ആരും അവിടേക്ക് വന്നില്ല. ഇ.എം.എസും എംവി രാഘവനും പിണറായിയുമാണ് അന്ന് അതിനെ ഫലപ്രദമായി നേരിട്ടതെന്നും മന്ത്രി മണി പറഞ്ഞു.
എം വിജയരാഘവനെ ലീഗിനെതിരായ പരാമർശത്തിൽ സിപിഎം തിരുത്തിയതിന് പിന്നാലെയാണ് മണിയുടെ പ്രതികരണം. തിരഞ്ഞെടുപ്പുകാലത്ത് ജാഗ്രത വേണമെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. വിഷയത്തിൽ പ്രതികരിച്ച സിപിഐ നേതൃത്വവും വിജയരാഘവൻറെ വിമർശനം ഏറ്റെടുക്കാൻ തയാറായില്ലായിരുന്നു.