കോണ്‍ഗ്രസിന്റെ ജയത്തിന് വേണ്ടി കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍ രംഗത്ത്

കണ്ണൂര്‍: പെരിയയിലെ കോണ്‍ഗ്രസ് രക്തസാക്ഷികളുടെ സഹോദരിമാര്‍ സതീശന് പാച്ചേനിയുടെ വിജയത്തിനായി കണ്ണൂരിലെത്തി. കണ്ണൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓപണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹിളാസംഗമത്തില്‍ പങ്കെടുക്കാനാണ് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത്ലാലിന്റെ സഹോദരി അമൃതയും കണ്ണൂരില്‍ എത്തിയത്.
‘ഇനി പിണറായിസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരരുത്. വന്നാല്‍ തങ്ങളെപോലുള്ള സഹോദരിമാരും അമ്മമാരും കണ്ണീര് കുടിക്കേണ്ടിവരും’ ഇരുവരും സംഗമത്തില്‍ സംസാരിക്കവെ പറഞ്ഞു. ആദ്യമായാണ് കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍ പങ്കെടുക്കുന്നത്.
‘എെന്റ അച്ഛന് ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. പിണറായിസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഡു വാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷേ, എന്റെ ജ്യേഷ്ടന് ത്രിവര്‍ണപതാകയാണ് കൈയില്‍പിടിച്ചത്. അതുകൊണ്ടാണ് എന്റെജ്യേഷ്ടന്ന്റ ജീവന് അവരെടുത്തത്’ -കൃഷ്ണപ്രിയ പറഞ്ഞു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെയുള്ള വിധിയെഴുത്താകണം തെരഞ്ഞെടുപ്പിലുണ്ടാകേണ്ടതെന്ന് ശരത്ലാലിന്റെ സഹോദരി അമൃത പറഞ്ഞു.
ഇവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കും. ഒരുപാട് പേരുടെ കണ്ണീര് വീണ മണ്ണാണിത്. അതിന് അറുതിവരേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണെന്നും അമൃത പറഞ്ഞു. മഹിളസംഗമം എ.ഐ.സി.സി അംഗവും മുന്‍ മേയറുമായ സുമ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വനിത ലീഗ് ജില്ല പ്രസിഡന്റ് സി. സീനത്ത് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മാധ്യമവക്താവ് ഡോ. ഷമ മുഹമ്മദ്, െഡപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രജനി രമാനന്ദ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ടി. ഗിരിജ, എം.സി. ശ്രീജ, ശ്രീജ മഠത്തില്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി. മാധവന് മാസ്റ്റര്‍, കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, കെ.കെ. രതി തുടങ്ങിയവര്‍ സംബന്ധിച്ചു.