ഇന്ത്യ ശ്രീലങ്ക പരമ്പര: ക്യാപ്റ്റന്‍ പകരം വൈസ് ക്യാപ്റ്റന്‍ ഇന്ത്യയെ നയിക്കും.
കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരം കോവിഡ് കാരണം മാറ്റിവയ്‌ക്കേണ്ട അവസ്ഥ വന്നതോടെ ക്രിക്കറ്റ് ടീം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ നയിക്കുമെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ക്രുണാല്‍ പാണ്ഡ്യയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന മത്സരം മാറ്റിവയ്ക്കുകയായിരുന്നു. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചെഹല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, മനീഷ് പാണ്ഡെ, കൃഷ്ണപ്പ ഗൗതം, ഇഷന്‍ കിഷന്‍ എന്നീ താരങ്ങള്‍ ഐസുലേഷനിലാണ്.
ഈ സാഹചര്യത്തില്‍ മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, നീതിഷ് റാണ, നവ്ദീപ് സെയ്‌നി, ഋതുരാജ് ഗെയിക്വാദ്, രാഹുല്‍ ചാഹര്‍, ചേതന്‍ സാകരിയ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയായിരിക്കും മത്സരം നടത്തുക.
ഇത്തരത്തില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച നടത്തേണ്ടതിനാല്‍ മാറ്റിവച്ച് മത്സരം ബുധനാഴ്ച്ച നടത്താനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.