
ചെന്നൈ: മരിച്ചു എന്ന് കരുതി ബന്ധുക്കൾ 20 മണിക്കൂറോളം നേരം ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 74കാരൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. 74കാരന്റെ കുടുംബക്കാർക്ക് മാനസിക പ്രശ്‌നങ്ങൾ ഉളളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.
തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുളള കണ്ടമ്പട്ടിയിലാണ് സംഭവം. 74 വയസുളള ബാലസുബ്രഹ്മണ്യ കുമാറാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇളയ സഹോദരൻ ശരവണന്റെ കൂടെയാണ് ഇദ്ദേഹം താമസിക്കുന്നത്.തിങ്കളാഴ്ച സഹോദരൻ മരിച്ചെന്ന് പറഞ്ഞ് ശരവണൻ ഫ്രീസർ കമ്പനിയിലേക്ക് വിളിച്ച് ഒരു ഫ്രീസർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വൈകീട്ട് നാലുമണിയോടെയാണ് ഫ്രീസർ എത്തിച്ചുനൽകി. ചൊവ്വാഴ്ച വൈകീട്ട് തിരിച്ചുവേണമെന്ന ഉപാധിയോടെയാണ് ഫ്രീസർ നൽകിയത്. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസർ തിരികെ വാങ്ങാൻ എത്തിയ ജീവനക്കാർ ഞെട്ടി. മൃതദേഹത്തിന് അനക്കം. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചേട്ടൻ മരിച്ചു എന്ന ധാരണയിൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. പൊലീസെത്തിയ ശേഷം ബാലസുബ്രഹ്മണ്യനെ സേലത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്