കെഎസ്ആര്‍ടിസിയില്‍ ഇനി വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍
വായിക്കാന്‍ കഴിയുന്ന അക്ഷരങ്ങള്‍ വ്യക്തമായ ടിക്കറ്റുകള്‍ ഉപഭോക്താവിന് നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ .എറണാകുളം ആലുവ സ്വദേശി അഡ്വക്കേറ്റ് റസല്‍ ജോയി സമര്‍പ്പിച്ച പരാതിയിലാണ് ഡി. ബി. ബിനു , വി. രാമചന്ദ്രന്‍ , ശ്രീദേവി ടി.എന്‍ എന്നിവര്‍ ചേര്‍ന്ന ഉപഭോക്തൃ കോടതിയുടെ ഉത്തരവ്
യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ ആ തുക യാത്രക്കാരനു തിരിച്ചുനല്‍കാനും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ ഉപഭോക്താവിന്റെ പരാതി ഇങ്ങനെ ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആര്‍.ടിസി യുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാല്‍ ബസ് പുറപ്പെടുന്ന സ്ഥലത്ത് എത്തിയെങ്കിലും യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല . തുടര്‍ന്ന് ബസ് കിട്ടാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു .
അത് സേവനത്തിലെ ന്യൂനതയാണ്.എന്നാല്‍ സംഭവത്തില്‍ കെ.എസ്.ആര്‍.ടിസി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചത് കൃത്യസമയത്ത് തന്നെയാണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതായിരുന്നുവെന്നുമാണ് .കേസ് ഫയല്‍ ചെയ്യപ്പെട്ട അപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി നല്‍കിയ ടിക്കറ്റ് വായിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.അതിനാല്‍ തന്നെ ഗുണനിലവാരമില്ലാത്ത യാത്രാടിക്കറ്റ് നല്‍കിയതു തന്നെ സേവനത്തിലെ ന്യൂനതയാണ് ‘ കമ്മീഷന്‍ വ്യക്തമാക്കി. ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ബില്ലുകള്‍ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട് .ഇത് 2019 ജൂലൈ 6 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് .തനിക്ക് ലഭിച്ച സേവനത്തെപ്പറ്റിയും ഉല്‍പ്പന്നത്തെ പറ്റിയുമുള്ള പരാതികള്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ ഇത് തടസ്സമാണ്.
നിലവില്‍ കെഎസ്ആര്‍ടിസി എം.ഡിക്ക് ഈ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.അതേസമയം യാത്ര പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാരനെ ഫോണില്‍ വിളിച്ചുവെന്ന് തെളിയിക്കാന്‍ എതിര്‍കക്ഷിക്ക് കഴിഞ്ഞില്ല. കെഎസ്ആര്‍ടിസി ഇത് ചെയ്തിരുന്നുവെങ്കില്‍ യാത്രക്കാരന്‍ അനുഭവിച്ച ക്ലേശങ്ങള്‍ ഒഴിവാക്കാമായിരുന്നു’. എന്നും കമ്മീഷന്‍ വിലയിരുത്തി. യാത്രക്കൂലിയായി കെ.എസ്.ആര്‍.ടി.സി ഈടാക്കിയ 931 രൂപ 30 ദിവസത്തിനകം യാത്രക്കാരന് തിരിച്ചുനല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.