കെഎസ്ആര്‍ടിസി ഡ്രെെവറെ സ്ഥലം മാറ്റിയ നടപടി; അമിതാധികാര പ്രയോഗമെന്ന് ഹൈക്കോടതി

ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയതിനെ ഹൈക്കോടതി മതിയായ കാരണം ഇല്ലാതെ എടുത്ത അമിതാധികാര നടപടി എന്ന നിലയിൽ വിലയിരുത്തുകയായിരുന്നു.
സിംഗിൾ ബെഞ്ചാണ് തീരുമാനം പുറപ്പെടുവിച്ചത്. സ്ഥലംമാറ്റം ശിക്ഷാനടപടിയുടെ സ്വഭാവമുള്ളതാണെന്നും, അത് യുക്തിപൂർവ്വമല്ലെന്നും കോടതി നിരീക്ഷിച്ചു. അതോടെ ജയ്‌മോൻ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ നിന്ന് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കോടതി വിധിപ്രകാരം ജയ്‌മോൻ ജോസഫ് ഇനി പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറായി തുടരാനാകും.
വാദത്തിനിടെ ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങളിൽ പ്രധാനമായത്. “അച്ചടക്ക പ്രശ്നങ്ങൾക്ക് എല്ലായ്പ്പോഴും സ്ഥലംമാറ്റമോ പരിഹാരം?” എന്നതായിരുന്നു. സംഘർഷസാധ്യതയോ സാക്ഷികളെ സ്വാധീനിക്കുന്ന സാഹചര്യമോ ഉണ്ടെങ്കിൽ മാത്രമേ സ്ഥലംമാറ്റം ന്യായീകരിക്കാവൂ എന്നായിരുന്നു കോടതിയുടെ നിലപാട്. പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ദൂരെയുള്ള ഡിപ്പോയിലേക്കുള്ള സ്ഥലംമാറ്റം ആനുപാതികമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
ഒക്ടോബർ ഒന്നിനായിരുന്നു സംഭവം. ബസ് വൃത്തിയായി സൂക്ഷിക്കാത്തതിനും ഡ്രൈവർ കാബിനിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനുമാണ് മന്ത്രി ഗണേഷ് കുമാർ നേരിട്ട് നടപടി സ്വീകരിച്ചത്. ജയ്‌മോൻ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയിരുന്നു.
ഹർജിയിൽ ജയ്‌മോൻ വാദിച്ചത്, താൻ ഒൻപത് വർഷമായി സേവനത്തിൽ ഉണ്ടെന്നും ഇതുവരെ തൊഴിലിൽ വീഴ്ചവരുത്തിയിട്ടില്ലെന്നും, സ്ഥലംമാറ്റം സ്വാഭാവിക നീതിയുടെയും അടിസ്ഥാന അവകാശങ്ങളുടെയും ലംഘനമാണെന്നുമായിരുന്നു.
Tag: KSRTC driver transfer: High Court says it is an abuse of power