സ്വിഫ്റ്റ് കമ്പനി രൂപീകരണം: കെഎസ്ആർടിസിയിൽ 23 ന് പണിമുടക്ക്; ആഹ്വാനവുമായി യുഡിഎഫ് അനുകൂല സംഘടന

തിരുവനന്തപുരം: യുഡിഎഫ് അനുകൂല സംഘടന 23 ന് കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിൽ നിന്ന് പിന്മാറണം, ശമ്പള പരിഷ്കരണം നടപ്പാക്കണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിൽ തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് മറികടക്കാൻ ഒത്തുതീർപ്പ് നിർദേശം ധനമന്ത്രി തോമസ് ഐസക് ഇന്നലെ മുന്നോട്ട് വച്ചിരുന്നു. യൂണിയനുകൾക്ക് എതിർപ്പുണ്ടെങ്കിൽ അത് പൂർണമായും സർക്കാർ ഉടമസ്ഥതയിൽ ഉള്ള സൊസൈറ്റിയാക്കാമെന്നാണ് നിർദേശം.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ എന്നിവർക്കൊപ്പം യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധനമന്ത്രി നിർദേശം മുന്നോട്ട് വെച്ചത്. പരിഷ്‍കരണമില്ലാതെ സർക്കാർ സഹായം കൊണ്ടു മാത്രം കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ട് പോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. പിരിച്ചുവിട്ടവർക്ക് പുനപ്രവേശനവും നിലവിലുള്ളവർക്ക് തൊഴിലും ശമ്പളവും ഉറപ്പുവരുത്തിയാൽ പരിഷ്കരണങ്ങളോട് സഹകരിക്കാമെന്ന് യോഗത്തിൽ സിഐറ്റിയു അറിയിച്ചു.