Kerala NewsLatest NewsNewsPolitics

കെഎസ്ആര്‍ടിസി പണിമുടക്ക്; കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതറിയാതെ സഖാക്കള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. വലഞ്ഞത് നാട്ടുകാര്‍ മാത്രം. കാലങ്ങളായി നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് എല്ലാ സര്‍വീസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി), കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു), കെഎസ്ആര്‍ടിസി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്), കെഎസ്ആര്‍ടിസി എംപ്ലോയീസ് ഫ്രണ്ട് യൂണിയന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, കെഎസ്ആര്‍ടിഇ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളാണ് പ്രധാനമായും കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്കുള്ളത്. ഇതില്‍ ബിഎംഎസ്, കെഎസ്ആര്‍ടിഇഎ യൂണിയനുകള്‍ 24 മണിക്കൂറും, ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സിപിഎം സംസ്ഥാനം ഭരിക്കുമ്പോള്‍ സിഐടിയു നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഡയസ് നോണ്‍ ലംഘിച്ചും സമരത്തിന് അണിനിരന്നത് സര്‍ക്കാരിനെ അമ്പരിപ്പിച്ചിരിക്കുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ബിഎംഎസ് ശക്തമാകുന്നു എന്ന കാര്യം സിപിഎമ്മിന് കാര്യമായ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കെഎസ്ആര്‍ടിസിയില്‍ സിഐടിയുവിനുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമായിരിക്കുകയാണ്. അതേസമയം ബിഎംഎസിന്റെ ബാനറിന് പിന്നിലേക്ക് തൊഴിലാളികള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ റഫറണ്ടത്തില്‍ ബിഎംഎസ് നേതൃത്വം നല്‍കുന്ന കെഎസ്ടി എംപ്ലോയിസ് സംഘ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയന്‍ ആയതോടെ സിഐടിയുവും എഐടിയുസിയും ഐഎന്‍ടിയുസിയുമെല്ലാം പരിഭ്രാന്തിയിലായിരുന്നു.

ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയന്‍ അംഗീകൃത യൂണിയനായി തിരഞ്ഞെടുക്കപ്പെടുന്നത്. കെഎസ്ആര്‍ടിസിയില്‍ അംഗീകൃത യൂണിയന്‍ ആകുന്നതിന് 15 ശതമാനം വോട്ട് ആണ് വേണ്ടത്. 2016 മെയ് 25ന് നടന്ന ഹിതപരിശോധനയില്‍ സിഐടിയു സംഘടനയായ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനും മാത്രമേ അംഗീകൃത യൂണിയന്‍ ആകുന്നതിനുള്ള വോട്ട് ശതമാനം ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞതവണ 8.31 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിഎംഎസ് ഇത്തവണ 18 ശതമാനം വോട്ട് നേടിയാണ് അംഗീകൃത യൂണിയനായത്.

സിഐടിയു അംഗീകാരം നിലനിര്‍ത്തിയെങ്കിലും വോട്ട് ശതമാനം 49ല്‍ നിന്ന് 35 ആയി കുറഞ്ഞു. അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന എഐടിയുസി കാര്യമായ നേട്ടമുണ്ടാക്കാനാകാതെ നാലാമതായി. ഐഎന്‍ടിയുസിക്ക് കീഴിലുള്ള ടിഡിഎഫ് അംഗീകാരം നിലനിര്‍ത്തിയെങ്കിലും നാലുശതമാനത്തോളം വോട്ട് കുറഞ്ഞു. 51 ശതമാനമോ അതില്‍ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെ സോള്‍ ബാര്‍ഗെയ്‌നിങ് ഏജന്റായി പരിഗണിക്കും. കോര്‍പറേഷന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഏജന്റിന്റെമാത്രം അംഗീകാരത്തോടെ നടപ്പാക്കാം. മൂന്നുവര്‍ഷം കൂടുമ്പോഴാണ് ഹിതപരിശോധന. അംഗീകാരമുള്ള മൂന്നാം സംഘടനയായി ബിഎംഎസ് എത്തിയത് സിഐടിയു-ഐഎന്‍ടിയുസി പാളയങ്ങളിലെ വോട്ട് ചോര്‍ത്തിയാണ്.

ആകെയുള്ള 26,837 വോട്ടുകളില്‍ 9,457 നേടിയെങ്കിലും സിഐടിയുവിന് ഒട്ടും ആശ്വസിക്കാവുന്നതല്ല ഫലം. നാല് വര്‍ഷം മുമ്പ് നടന്ന ഹിതപരിശോധനയുമായി തട്ടിച്ചുനോക്കുമ്പോള്‍ 13.26 ശതമാനം വോട്ടാണ് സിഐടിയുവിന് പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കായ തൊഴിലാളി യൂണിയനില്‍ നിന്ന് നഷ്ടമായത്. ഐഎന്‍ടിയുസിക്ക് നാല് ശതമാനവും വോട്ട് ചോര്‍ന്നു. ബിഎംഎസ് യൂണിയനായ കെഎസ്ടി എംപ്ലോയീസ് സംഘ് എട്ട് ശതമാനത്തില്‍ നിന്ന് 18.21ലേക്ക് കുതിപ്പ് നടത്തി. കഴിഞ്ഞ തവണ കൈയകലത്തിലെത്തിയ ബാര്‍ഗെയ്നിങ്ങ് ഏജന്റ് പദവി സിഐടിയുവില്‍ നിന്ന് അകന്നുപോയി.

തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന യൂണിയന്‍ എന്ന പ്രതിച്ഛായയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ബിഎംഎസിന് ഗുണകരമാകുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സിഐടിയു നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ജീവനക്കാരുടെ അവകാശങ്ങള്‍ ചോദിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ അധിനിവേശത്തിനും നോട്ടുനിരോധനത്തിനും പെട്രോള്‍ വിലവര്‍ധനവിനും എല്ലാം എതിരെ കെഎസ്ആര്‍ടിസി ജീവനക്കാരെ കൊണ്ട് സമരം ചെയ്യിക്കാന്‍ സിഐടിയുവിന് കഴിഞ്ഞു. എന്നാല്‍, തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങിക്കാന്‍ സിഐടിയു ഇല്ലെന്ന് കണ്ടതോടെ തൊഴിലാളികള്‍ ബിഎംഎസിലേക്ക് ചേക്കേറി.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മാത്രമല്ല ബിഎംഎസ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനും സംഘടനക്ക് നിര്‍ദ്ദേശങ്ങളുണ്ട്. ഗ്രാമമേഖലകളിലേക്ക് ലാഭകരമായി നടത്തിയിരുന്ന പല സര്‍വീസുകളും പുനരാരംഭിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഇതെല്ലാം സിഐടിയുവിനെയാണ് പരിഭ്രാന്തരാക്കുന്നത്. തൊഴിലാളികള്‍ക്കുവേണ്ടി സമരം ചെയ്യാനല്ല, മറിച്ച് ആര്‍ക്കും ഉപയോഗമില്ലാത്ത കാര്യത്തിനാണ് സമരം ചെയ്യാന്‍ തങ്ങള്‍ക്ക് താത്പര്യമെന്ന് പറയാതെ പറയുകയാണ് സിഐടിയു.

ഇതുതന്നെയാണ് തൊഴിലാളികളെ മാറി ചിന്തിപ്പിക്കുന്നതും. തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോവുന്നതറിയാതെ അമേരിക്ക ചൈനയ്‌ക്കെതിരെ ഉപരോധം നടത്തുന്നുണ്ടോ എന്ന് ഉറ്റുനോക്കി സമരം പ്രഖ്യാപിക്കാനുള്ള അവസരം നോക്കി നില്‍ക്കുകയാണ് സിഐടിയു എന്നാണ് ചില തൊഴിലാളികള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button