കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി യൂണിയനുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണി മുടക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വിഷയം മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സാവകാശം തേടിയതോടെയാണ് യൂണിയനുകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
ബിഎംഎസ്, കെഎസ്ആര്‍ടിഇഎ യൂണിയനുകള്‍ 24 മണിക്കൂറും, ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. സമരത്തില്‍ നിന്ന് യൂണിയനുകള്‍ പിന്മാറണമെന്നും കടുംപിടുത്തം ഒഴിവാക്കണമെന്നും മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
ഡിസംബറില്‍ പുതുക്കിയ ശമ്പളം നല്‍കാന്‍ ഈ മാസം 20ന് മുമ്പ് തീരുമാനം എടുത്താല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്. ശമ്പള പരിഷ്‌കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം. സമരത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കുന്നതായും ആന്റണി രാജു പറഞ്ഞു. യൂണിയനുകള്‍ ആത്മപരിശോധന നടത്തണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നുമാണ് മന്ത്രി ആവശ്യപ്പെടുന്നത്.