keralaKerala NewsLatest News

സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നാരോപിച്ച് കെഎസ്‌യു നേതാവ് പൊലീസിൽ പരാതി നൽകി

കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നാരോപിച്ച് കെഎസ്‌യു നേതാവ് പൊലീസിൽ പരാതി നൽകി. തൃശൂർ ജില്ലാ കെഎസ്‌യു അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ ആണ് ഗുരുവായൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിന് ശേഷമാണ് സുരേഷ് ഗോപി പൊതുവേദികളിൽ നിന്നും അപ്രത്യക്ഷനായതെന്ന് പരാതിയിൽ പറയുന്നു. അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും ഇപ്പോൾ എവിടെയാണെന്നും കണ്ടെത്തണമെന്ന് ഗോകുൽ ആവശ്യപ്പെട്ടു.

തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി, കന്യാസ്ത്രീകൾക്കെതിരായ നടപടികൾക്ക് ശേഷം പൊതുചടങ്ങുകളിലും മാധ്യമങ്ങളിലും കാണാനില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ. ശിവൻകുട്ടിയും പ്രതികരിച്ചു. “കന്യാസ്ത്രീകളുടെ വിഷയവും ഉൾപ്പെടെ നിരവധി സംഭവങ്ങൾ നടന്നിട്ടും സുരേഷ് ഗോപി എവിടെയും കണ്ടില്ല. അദ്ദേഹം ഒളിവിൽ പോയോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ മാർ യൂഹാനോൻ മിലിത്തിയോസും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷ വിമർശനം നടത്തി. “ഞങ്ങൾ തൃശൂരുകാർ തെരഞ്ഞെടുത്ത് ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്ന ആശങ്ക!” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിലും തുടർന്ന് ഒഡീഷ, ബിഹാർ സംസ്ഥാനങ്ങളിലടക്കം കന്യാസ്ത്രീകൾക്കും വൈദികർക്കുമെതിരായ അതിക്രമങ്ങളിലും, സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ലെന്നതാണ് കെഎസ്‌യു ചൂണ്ടിക്കാട്ടുന്നത്.

Tag: KSU leader files police complaint alleging Suresh Gopi missing from constituency

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button