BusinessCovidHealthKerala NewsLatest NewsLaw,Local NewsNewsSampadyam

‘ഓണം ഉത്സവ്’ കുടുംബശ്രീ ഓണ്‍ലൈന്‍ ഷോപ്പിങിന് ആരംഭം

തിരുവനന്തപുരം : ഓണക്കാലത്ത് കുടുംബശ്രീയും ഓണ്‍ലൈന്‍ ഷോപ്പിങ് ഇത്സവത്തിന് തുടക്കം കുറിച്ചു. ‘ഓണം ഉത്സവ്’ എന്ന പേരില്‍ www.kudumbashreebazar.com ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് കുടുംബശ്രീ ഷോപ്പിങിന് അവസരം നല്‍കുന്നത്.

തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ എവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിക്കുമെന്ന പ്രത്യേകതയാണ് ഇ ഓണം ഉത്സവിലുള്ളത്. അതേസമയം കുടുംബശ്രീ നല്‍കുന്ന 10 ശതമാനവും സംരംഭകര്‍ നല്‍കുന്നതും കൂടി ചേര്‍ത്ത് 40% വരെ ഡിസ്‌കൗണ്ടിലാണ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക.

വിവിധ ചിപ്സ്, ശര്‍ക്കരവരട്ടി, അച്ചാറുകള്‍, ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, മസാലക്കൂട്ട്, ജൈവ അരി, ജാം, സ്‌ക്വാഷ്, കശുവണ്ടി, വാളന്‍പുളി, സോപ്പ്, ലോഷന്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ പോര്‍ട്ടലിലുടെ ഷോപ്പിങ് ചെയ്യാം.

ഇടുക്കി ജില്ലയിലെ ഗോത്രവര്‍ഗ മേഖലയിലെ സംരംഭകരുടെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളായ കൂവപ്പൊടി, ചെറുതേന്‍, കുടംപുളി, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നിന്നുളള തേന്‍, റാഗി, ചോളം, തിന, വരഗ് കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളിച്ചെണ്ണ, അതിരപ്പളളിയില്‍ നിന്നുള്ള കാപ്പിപ്പൊടി, തേന്‍, വരഗ്, കൂടാതെ നെല്ലിക്കയും കാന്താരിമുളകും ചേര്‍ന്ന അച്ചാര്‍ എന്നീ ഉല്‍പന്നങ്ങളും ലഭ്യമാണ്.

അതേസമയം സപ്ലൈകോയുടെ 359 ഔട്ട്ലെറ്റുകള്‍, കുടുംബശ്രീയുടെ 1020 നാനോ മാര്‍ക്കറ്റുകള്‍, 11 കുടുംബശ്രീ ബസാറുകള്‍, 13 ഷോപ്പീ ഔട്ട്ലെറ്റുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലേറെ കിയോസ്‌കുകള്‍ എന്നിവ വഴിയും കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ വിപണനത്തിനായി എത്തുന്നുണ്ട്. ഇന്ന് മുതല്‍ ആരംഭിക്കുന്ന കുടുംബശ്രീയുടെ ഓണക്കാല ഓണ്‍ലൈന്‍ ഷോപ്പിങ് ഈ മാസം 31 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button