മുഖം പോയ സര്‍ക്കാര്‍ നാണംകെട്ട കളിക്കിറങ്ങുമോ?
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ നാണംകെട്ട സംഭവമായിരുന്നു 2015 മാര്‍ച്ചില്‍ അരങ്ങേറിയത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ സമാജികര്‍ തന്നെ അധിക്ഷേപിക്കുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ നിയമസഭയെ അന്നത്തെ പ്രതിപക്ഷമായിരുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് യുദ്ധക്കളമാക്കി.
പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016ല്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് നിയമസഭയെ നാണം കെടുത്തിയ കേസ് പിന്‍വലിക്കാനുള്ള വഴികള്‍ തേടുകയെന്നതായിരുന്നു. ഈ കേസ് തേച്ചുമായ്ച്ചുകളയാന്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ സര്‍ക്കാര്‍ കയറിയിറങ്ങി. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങളെ നിഷ്‌കരുണം തള്ളിയ കോടതികള്‍ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കം പ്രതിയായ കേസില്‍ വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതില്‍ വിചിത്രമായ കാര്യം കേസ് തേച്ചുമായ്ച്ചു കളയാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയ സര്‍ക്കാര്‍ തന്നെയാണ് പ്രതികള്‍ക്കെതിരെ കോടതിയില്‍ നിലപാട് എടുക്കേണ്ടത്.
എന്തായാലും ഈ കേസില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ഇനി നാണംകെട്ട കളിക്കിറങ്ങുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. അതിനായി ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതുവരെ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സാധ്യത. അടുത്തമാസം 22ന് എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി ശിവന്‍കുട്ടിക്കു പുറമെ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എംഎല്‍എമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ് പ്രതികള്‍.
ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ ശിവന്‍കുട്ടിക്കും കെ.ടി. ജലീലിനും ഔദ്യോഗിക സ്ഥാനങ്ങള്‍ നഷ്ടമാവും. പുറമെ, ആറു വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുമുണ്ടാവും. ശക്തമായ തെളിവുകള്‍ തന്നെയാണ് ഈ കേസിന്റെ ഏറ്റവും വലിയ ബലം. അന്നത്തെ നിയമസഭ സെക്രട്ടറി പി.ഡി. ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ്‌ഐആര്‍ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്. അന്നത്തെ സാമാജികരും വാച്ച് ആന്‍ഡ് വാര്‍ഡും സാക്ഷികളാണ്.
അന്ന് സഭയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് വിദൂര സാധ്യത മാത്രമാണുള്ളതെന്നും സുപ്രീംകോടതിയില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ നിയമസഭ സെക്രട്ടേറിയറ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ തെളിവാകുമെന്ന് കോടതി ഉത്തരവിട്ടതോടെ സര്‍ക്കാരിന്റെ പിടിവിട്ടു. അതിനാല്‍ കേസിന്റെ ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ ആശങ്കയിലാണ്. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ എംഎല്‍എമാര്‍ പ്രതികളായേക്കും. അതിന് വിചാരണക്കോടതിക്ക് അധികാരവുമുണ്ട്.
ഏത് പൗരനും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാം. വിചാരണ വൈകിപ്പിക്കാനാവും സര്‍ക്കാരും പ്രതിഭാഗവും പരമാവധി ശ്രമിക്കുക. സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രിക്ക് ശിക്ഷ നല്‍കാന്‍ വാദിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. പോലീസുകാരായ വാച്ച് ആന്‍ഡ് വാര്‍ഡും നിയമസഭ ഉദ്യോഗസ്ഥരും മന്ത്രിക്കെതിരെ മൊഴി നല്‍കേണ്ടിവരും. ഇതെല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത കാര്യങ്ങളാണ്. അതിനാല്‍ കേസ് പരമാവധി നീട്ടിക്കൊണ്ടുപോയി ഇപ്പോള്‍ സഭയിലുള്ളവരെ രക്ഷിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക.