കുതിരാനിലെ ഒരു തുരങ്കം ഇന്ന് തുറക്കും; 5 മണി മുതല്‍ വാഹനങ്ങള്‍ കടത്തി വിടും- നിതിന്‍ ഗഡ്കരി
തൃശ്ശൂര്‍: കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും. പാലക്കാട് – തൃശ്ശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി ഇന്ന് അഞ്ച് മണി മുതല്‍ വാഹനങ്ങള്‍ കടത്തി വിടും.
കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ കുതിരാനിലൂടെ വാഹനങ്ങള്‍ കടത്തിവിടും. ഇതോടെ കോയമ്പത്തൂര്‍ – കൊച്ചി പാതയിലെ യാത്രസമയം വലിയ രീതിയില്‍ കുറയും.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരിന്റെയും അനുമതി കിട്ടിയതോടെയാണ് കുതിരാന്‍ തുറക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാന്‍ മലയിലെ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിക്കൊണ്ട് ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടാനാണ് നിര്‍ദേശം നല്‍കിയത്. കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുറക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചത്.
നിര്‍മാണം കഴിഞ്ഞതായി കരാര്‍ കമ്പനിയും വ്യക്തമാക്കിയിരുന്നു. തുരങ്കം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് റീജണല്‍ ഓഫിസിന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു് അന്തിമ തീരുമാനം.