കുവൈത്ത് വിഷമദ്യ ദുരന്തം,സ്ത്രീകൾ അടക്കം 67 പേർ

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 67 പേർ പിടിയിൽ. പിടിയിലായവരിൽ സ്ത്രീകളും ഉൾപ്പെടും. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായി നടത്തുന്ന പരിശോധനയിൽ 10 മദ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്തി അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരെന്നാണ് വിവരം. വ്യാജ മദ്യ ദുരന്തത്തിൽ 23 പേർക്കാണ് ഇതിനകം ജീവൻ നഷ്ടമായത്. 160ലധികം പേർ ചികിത്സ തേടിയതായാണ് വിവരം. മെത്തനോൾ കലർന്ന മദ്യം കഴിച്ചതിന് പിന്നാലെയാണ് ദുരന്തമുണ്ടായത്. 21 പേർക്ക് കാഴ്ച നഷ്ടപ്പെടുകയും 61 പേർ വെന്‍റിലേറ്ററിലും തുടരുകയാണ്. നിരവധി പേർക്ക് വൃക്ക തകരാറിലാവുകയും ചെയ്തിട്ടുണ്ട്. മിക്കവരും ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ മരണ സംഖ്യ ഉയരാനാണ് സാധ്യത. മരിച്ചവരിൽ മിക്കതും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.അതേസമയം മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. കണ്ണൂർ സ്വദേശി ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരന്റെ മരണം സ്ഥിരീകരിച്ചിരുന്നു. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. മലയാളികൾ ഏറെയുളള പ്രദേശം കൂടിയാണ് ഇവിടം.