കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ, ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം

കൊല്ലം: കൊട്ടിയത്ത് വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിൻമാറിയതിനെ തുടർന്ന് റംസി എന്ന യുവതി ആത്മഹ്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.
പത്തനംതിട്ട എസ്.പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത്. റംസിയുടെ വീട്ടുകാരെ നേരിൽ കണ്ട എസ്.പി അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റംസിയുടെ അച്ഛൻ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്.
ഒക്ടോബർ ആറ് വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. നടിക്കെതിരെ തെളിവുകൾ ഒന്നുതന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നായിരുന്നു കോടതി മുന്നാകെ പ്രോസിക്യൂഷൻറെ വാദം. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ഫോൺ ഇപ്പഴും സൈബർസെല്ലിൻറെ കയ്യിലാണുള്ളത്. അവരുടെ കയ്യിൽ നിന്ന് ഇനിയും നിയമപരമായ ഒരു മറുപടി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നടി ലക്ഷ്മി പ്രമോദിനെ സീരിയലിൽ നിന്നും ഒഴിവാക്കിയിരുന്നു.റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.ലക്ഷ്മിയെ സീരിയലിൽ നിന്നും ഒഴിവാക്കിയെന്നും മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചാനലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സെപ്റ്റംബർ മൂന്നിന് വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഹാരിസ് റംസിയെ ഒഴിവാക്കാൻ ശ്രമിക്കുകയും അതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയുമായിരുന്നു.സംഭവത്തിൽ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ ലക്ഷ്മിയേയും ഭർത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.മൂന്ന് മാസം ഗർഭിണിയായ റംസിയെ നിർബദ്ധിച്ച് ഗർഭഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഹാരിസിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.